വേൽവ: നിലവിലെ ചാമ്പ്യൻ പി.വി സിന്ധു നേരത്തെ മടങ്ങിയ ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പ് വേദിയിൽ ഇന്ത്യൻ പതാക വാനോളമുയർത്താൻ കിഡംബി ശ്രീകാന്ത്. നാട്ടുകാരനായ ഇളമുറ താരം ലക്ഷ്യ സെന്നിനെയാണ് മൂന്നാം സെറ്റിലേക്കു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ ശ്രീകാന്ത് മറികടന്നത്. 17-21, 21-14, 21-17
ആദ്യ സെറ്റിൽ തുടരെ രണ്ടു പോയിെൻറടുത്ത് ശ്രീകാന്താണ് തുടക്കമിട്ടത്. അത്രയും തിരികെനൽകി ലക്ഷ്യ സെൻ ഒപ്പംപിടിച്ചതോടെ പോര് കടുത്തു. അടുത്ത രണ്ടെണ്ണം ശ്രീകാന്തും പിന്നെ ലക്ഷ്യയുമായി, ആക്രമണവും തിരിച്ചടിയും സമം ചേർത്ത് പോയിൻറ് നില സമദൂരത്തിൽ മുന്നോട്ട്. ഒരുഘട്ടത്തിൽ 7-7 വരെ നിന്നതിനൊടുവിൽ പിന്നെ ലക്ഷ്യയുടെ ഊഴമായിരുന്നു. ആദ്യം 11 തൊട്ട് മുന്നിൽനിന്ന താരം തുടരെ മൂന്നു പോയിൻറ് സ്വന്തമാക്കി സെറ്റിൽ ലീഡുറപ്പിച്ചു. വിട്ടുകൊടുക്കാൻ മനസ്സിലാതിരുന്ന ശ്രീകാന്ത് 16-16ന് വീണ്ടും സമനില പിടിച്ച് ഒരു പോയിൻറ് കൂടിയെടുത്ത് ലീഡും നേടി. എന്നാൽ, അവിടെ നിർത്തിയ ലക്ഷ്യ തുടർച്ചയായി പോയിൻറുകൾ വാരിക്കൂട്ടി 21-17ന് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ പക്ഷേ, നേരെ തിരിച്ചായിരുന്നു കളിയുടെ ഗതി. ആദ്യാവസാനം ലീഡ് നിലനിർത്തി ശ്രീകാന്ത് അതിവേഗം സെറ്റ് സ്വന്തമാക്കി. സ്കോർ 21-14.
ആദ്യ സെറ്റിലെ മിടുക്ക് വഴിയിൽ വീണുപോയ ലക്ഷ്യ സെന്നിനെതിരെ ദ്രുത താളത്തിൽ റാക്കറ്റേന്തിയ ശ്രീകാന്തിനു തന്നെയായിരുന്നു നിർണായകമായ മൂന്നാം സെറ്റിലും തുടക്കം മുതൽ മേൽക്കൈ. നീണ്ട റാലികളിൽ അനായാസ മിടുക്കോടെ ശ്രീകാന്ത് പിടിച്ചുനിന്നപ്പോൾ ലക്ഷ്യ തളർച്ച കാണിച്ചെന്ന് തോന്നിച്ചു. എന്നാൽ, ഒന്നിനൊന്നെന്ന നിലക്ക് പോരാട്ടം മുന്നോട്ടുപോയപ്പോൾ അവസാന ചിരി എവിടെയുമാകാമെന്നായി. അവസാന നിമിഷങ്ങളിലെത്തിയപ്പോൾ പൂർണമായി കളി നയിച്ച ശ്രീകാന്ത് ജയവും ഫൈനലും ഉറപ്പിച്ചു.
മുമ്പ് പ്രകാശ് പദുകോണും പിന്നീട് സായ് പ്രണീതും മെഡൽ നേടിയ ശേഷം പുരുഷ സിംഗിൾസിൽ വെങ്കലം നേടുന്ന താരമായി ലക്ഷ്യ സെൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.