ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണിൽ ചരിത്രമെഴുതി മലയാളി താരം ട്രീസ ജോളി

ബർമിങ്ഹാം: മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദുമടങ്ങിയ സഖ്യം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി. ക്വാർട്ടറിൽ രണ്ടാം സീഡായ ദക്ഷിണ കൊറിയയുടെ ലീ സോഹീ-ഷിൻ സ്യൂങ് ചാൻ ജോടിയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ലോക 46ാം റാങ്കുകാരായ ഇന്ത്യൻ സഖ്യം സെമിയുറപ്പിച്ചത്. സ്കോർ: 14-21, 22-20, 21-15. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും സെമിയിലെത്തി.

ബാഡ്മിന്റൺ സർക്യൂട്ടിലെ സുപ്രധാന ടൂർണമെന്റായ ഓൾ ഇംഗ്ലണ്ടിൽ സെമിയിൽ കടക്കുന്ന ആദ്യ മലയാളിയാണ് കണ്ണൂർ ചെറുപുഴ സ്വദേശിയായ ട്രീസ. ട്രീസ-ഗായത്രി സഖ്യവും ലക്ഷ്യയും സെമിയിൽ കടന്നത് ഇന്ത്യക്ക് മികച്ച നേട്ടമായി. ഇതിഹാസ താരങ്ങളായ പ്രകാശ് പദുകോണും പുല്ലേല ഗോപിചന്ദും മാത്രമാണ് ഓൾ ഇംഗ്ലണ്ടിൽ മുമ്പ് സെമി കളിച്ച ഇന്ത്യക്കാർ.

മൂന്നാം സീഡ് ആൻഡേഴ്സ് അ​ന്റോൺസണിനെ വീഴ്ത്തി ക്വാർട്ടറിൽ കടന്നിരുന്ന ലോക 11ാം റാങ്കുകാരായ ലക്ഷ്യക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. ചൈനയുടെ ലു ഗുവാങ് ഷു പിന്മാറിയതാണ് ലക്ഷ്യക്ക് തുണയായത്. രണ്ടാം സീഡ് ജപ്പാന്റെ കെന്റോ മൊമോട്ട-ആറാം സീഡ് മലേഷ്യയുടെ ലീ സീ ജിയ ക്വാർട്ടർ വിജയികളാവും സെമിയിൽ ലക്ഷ്യയുടെ എതിരാളി.

പുരുഷ ഡബിൾസിൽ അഞ്ചാം സീഡായ ഇന്ത്യയുടെ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ ടോപ് സീഡുകളായ ഇന്തോനേഷ്യയുടെ മാർകസ് ഫെർനാൾഡി ഗിഡിയോൺ-കെവിൻ സഞ്ജയ സുക്കമോളിയോ ജോടിക്ക് മുന്നിൽ വീണു. സ്കോർ: 24-22, 21-17. 

Tags:    
News Summary - Lakshya Sen, Gayatri/Treesa into All England Open 2022 semifinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.