ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണിൽ ചരിത്രമെഴുതി മലയാളി താരം ട്രീസ ജോളി
text_fieldsബർമിങ്ഹാം: മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദുമടങ്ങിയ സഖ്യം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി. ക്വാർട്ടറിൽ രണ്ടാം സീഡായ ദക്ഷിണ കൊറിയയുടെ ലീ സോഹീ-ഷിൻ സ്യൂങ് ചാൻ ജോടിയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ലോക 46ാം റാങ്കുകാരായ ഇന്ത്യൻ സഖ്യം സെമിയുറപ്പിച്ചത്. സ്കോർ: 14-21, 22-20, 21-15. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും സെമിയിലെത്തി.
ബാഡ്മിന്റൺ സർക്യൂട്ടിലെ സുപ്രധാന ടൂർണമെന്റായ ഓൾ ഇംഗ്ലണ്ടിൽ സെമിയിൽ കടക്കുന്ന ആദ്യ മലയാളിയാണ് കണ്ണൂർ ചെറുപുഴ സ്വദേശിയായ ട്രീസ. ട്രീസ-ഗായത്രി സഖ്യവും ലക്ഷ്യയും സെമിയിൽ കടന്നത് ഇന്ത്യക്ക് മികച്ച നേട്ടമായി. ഇതിഹാസ താരങ്ങളായ പ്രകാശ് പദുകോണും പുല്ലേല ഗോപിചന്ദും മാത്രമാണ് ഓൾ ഇംഗ്ലണ്ടിൽ മുമ്പ് സെമി കളിച്ച ഇന്ത്യക്കാർ.
മൂന്നാം സീഡ് ആൻഡേഴ്സ് അന്റോൺസണിനെ വീഴ്ത്തി ക്വാർട്ടറിൽ കടന്നിരുന്ന ലോക 11ാം റാങ്കുകാരായ ലക്ഷ്യക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. ചൈനയുടെ ലു ഗുവാങ് ഷു പിന്മാറിയതാണ് ലക്ഷ്യക്ക് തുണയായത്. രണ്ടാം സീഡ് ജപ്പാന്റെ കെന്റോ മൊമോട്ട-ആറാം സീഡ് മലേഷ്യയുടെ ലീ സീ ജിയ ക്വാർട്ടർ വിജയികളാവും സെമിയിൽ ലക്ഷ്യയുടെ എതിരാളി.
പുരുഷ ഡബിൾസിൽ അഞ്ചാം സീഡായ ഇന്ത്യയുടെ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ ടോപ് സീഡുകളായ ഇന്തോനേഷ്യയുടെ മാർകസ് ഫെർനാൾഡി ഗിഡിയോൺ-കെവിൻ സഞ്ജയ സുക്കമോളിയോ ജോടിക്ക് മുന്നിൽ വീണു. സ്കോർ: 24-22, 21-17.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.