ഹൈദരാബാദിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ച് ഗച്ചിബൗളിയിലെ ജനാർദന റെഡ്ഡി നഗറിലെത്തിയാൽ അഞ്ച് ഏക്കറിൽ പടർന്നു പന്തലിച്ച് പച്ച തൂവി നിൽക്കുന്ന ബാഡ്മിന്˙റൺ കോർട്ടുകളുടെ വലിയൊരു കൂട്ടം കാണാം. എതിരാളിയുടെ അതിരിലേക്ക് പവർ സ്മാഷുകൾ എയ്തുവീഴ്ത്തുന്ന താരങ്ങളെ വിരിയിച്ചെടുക്കുന്ന ബാഡ്മിന്˙റൺ ഫാക്ടറിയാണത്. കുമ്മായവരക്ക് പുറത്ത് സൈഡ് ലൈനിനോട് ചേർന്ന് സദാപുഞ്ചിരിയോടെ മെലിഞ്ഞുനീണ്ടൊരു മനുഷ്യൻ നിൽക്കുന്നുണ്ടാവും. കരിയർ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് ബാക്ക് ഹാൻഡ് ഷോട്ടിലൂടെ റിട്ടേൺ നൽകുന്ന അഭ്യാസിയുടെ മെയ്വഴക്കത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന് പ്രചോദനത്തിന്˙റെ പെരുമഴ തീർക്കുന്ന പുല്ലേല ഗോപിചന്ദ്. കളത്തിനകത്തും പുറത്തും ഒന്നൊന്നര മനുഷ്യൻ. നിലപാടുകളുടെ ലോകചാമ്പ്യൻ. യൂറോ കപ്പ് ഫുട്ബാളിൽ ഹംഗറിക്കെതിരായ മത്സരത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിൽ കൊക്കകോളയുടെ കുപ്പിയെടുത്തുമാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹീറോയിസം രണ്ട് പതിറ്റാണ്ടിന് മുൻപേ ലോകത്തിന് കാണിച്ചുകൊടുത്തയാളാണ് ഗോപിചന്ദ്. 2001ൽ കരിയറിന്˙റെ അത്യുന്നതിയിൽ നിന്നപ്പോൾ കൊക്ക കോളയുടെ ഓഫർ തട്ടിയെറിഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ ഗോപിചന്ദിന്˙റെ മറുപടി ഇതായിരുന്നു '1997ന് ശേഷം ഞാൻ കോള കുടിച്ചിട്ടില്ല. ഞാൻ കുടിക്കാത്ത ഒരു പാനീയം മറ്റുള്ളരെ കുടിക്കാൻ പ്രോൽസാഹിപ്പിക്കുന്നത് ശരിയാണോ ?'. ദുബൈ ഇത്തിസാലാത്ത് അക്കാദമിയിൽ 'ഗൾഫ് മാധ്യമം' എജുകഫേയിൽ കുട്ടികളോട് സംവദിക്കാനെത്തിയ ഇന്ത്യൻ ദേശീയ ടീമിന്˙റെ പരിശീലകൻ ഓർമകളിലേക്ക്, നിലപാടിലേക്ക്, പ്രതീക്ഷകളിലേക്ക്, പ്രചോദനങ്ങളുടെ സർവ് ചെയ്യുന്നു...
●ഒറ്റ ഉത്തരമാണ് ആവശ്യമെങ്കിൽ കളിക്കാരൻ എന്നായിരിക്കും മറുപടി. നട്ടേങ്ങളുടെ ഉന്നതിയിലെത്താൻ കളിക്കാരനാവുന്നതാണ് ഉചിതം. എന്നാൽ, ഏറെ തൃപ്തി തരുന്ന റോളാണ് പരിശീലകന്˙റേത്. നമ്മുടെ കുട്ടികൾ വിജയം നേടുന്നത് കാണുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി ഒരുപക്ഷെ കളിക്കാരനായിരിക്കുമ്പോൾ കിട്ടണമെന്നില്ല. അവരെ പ്രചോദിപ്പിക്കാൻ കഴിയുന്നത് വലിയകാര്യമാണ്. മോട്ടിവേഷൻ സ്പീക്കറായത് യാദൃശ്ചികമാണ്. പണ്ടുതൊട്ടേ സൈലൻറായിരുന്നു. എന്˙റെ കളിയെകുറിച്ച് ആരോടും പറയാൻ ആഗ്രഹച്ചിരുന്നില്ല. എന്നാൽ, കുറച്ചുകാലമായി നിരവധി കുട്ടികൾ എന്˙റെ കഥ കേൾക്കണമെന്ന ആഗ്രഹം പറഞ്ഞു. അവർക്ക് പ്രചോദനമാകാനാണ് മോട്ടിവേഷൻ സ്പീക്കറായത്. ഇത് ഞാൻ തേടിപ്പോയതല്ല, എന്നിലേക്ക് വന്ന് ചേർന്നതാണ്.
●ഈ വാക്കുകളൊന്നും നമുക്ക് ആവശ്യമില്ല. പകരം, നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയെ സ്നേഹിക്കുക, ഇഷ്ടപ്പെടുക. അത്രമാത്രം ചെയ്താൽ മതി, അച്ചടക്കവും കഠിനാധ്വാനവുമെല്ലാം തനിയെ ഉണ്ടാകും. പുലർച്ച അഞ്ച് മണിക്ക് എഴുന്നേറ്റ് പ്രാക്ടീസ് ചെയ്യുക എന്നത് പലർക്കും മടിയാണ്. എന്നാൽ, ഈ പ്രാക്ടീസിനെ നിങ്ങൾ സ്നേഹിച്ചുനോക്കൂ. ഏത് പുലരിയിലും നിങ്ങൾക്ക് മടിയില്ലാതെ ഉണരാൻ കഴിയും.
●നിങ്ങൾക്ക് ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരാളെ മാറ്റാനും കഴിയില്ല. സ്വന്തം ചിന്തകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഒരാളുടെ കഴിവ് വർധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. അയാളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കഴിയും. ആത്മിശ്വാസം പകർന്നുനൽകാൻ കഴിയും. പക്ഷെ, കഠിനാധ്വാനത്തിലൂടെ ഇവയെല്ലാം ചാമ്പ്യൻ പട്ടത്തിലെത്തിക്കേണ്ടത് അവനവൻ തന്നെയാണ്. മനസും ശരീരവും തമ്മിലുള്ള ഐക്യപ്പെടലാണ് ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നത്. പരിശീലനത്തിനിറങ്ങും മുൻപേ ലക്ഷ്യം എന്താണെന്നറിഞ്ഞിരിക്കണം. അതിനായി സർവവും സമർപ്പിക്കണം. ചുറ്റുമുള്ള നെഗറ്റീവിറ്റിയെയും ഭയങ്ങളെയും ഇടപെടലുകളെയും ശല്യങ്ങെളയുമെല്ലാം മാറ്റിനിർത്താനുള്ള കഴിവ് ആർജിച്ചെടുക്കണം. ഒരു താരത്തിന്˙റെ മനസും ശരീരവും ചലനങ്ങളും വേഗത്തിലാക്കാനും ലോകോത്തര നിലവാരത്തിലാക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഇത് സ്വയം നടപ്പാക്കേണ്ടത് ഓരോ താരങ്ങളുമാണ്.
●അവർ ഒന്നും ചെയ്തിട്ടില്ല. പക്ഷെ, അവർ അവരുടെ കടമ കൃത്യമായി നിറവേറ്റി, അതാണ് എന്നിലെ കായിക താരത്തെ വളർത്തിയത്. സ്കൂളിൽ നിന്ന് വന്ന ശേഷം സ്റ്റേിഡയത്തിലേക്ക് കളിക്കാൻ പോകുന്നതിന് മുൻപായി ഞാനും ജ്യേഷ്ടനും അര മണിക്കൂർ ചെറുതായി ഉറങ്ങുമായിരുന്നു. ഈ സമയം അമ്മ വീടിന് മുൻപിലിറങ്ങിയിരിക്കും. എന്തിനാണെന്നറിയുമോ, ഒരു കോളിങ് ബെല്ലിന്˙റെ ശബ്ദം പോലും ഞങ്ങളെ ഉണർത്താതിരിക്കാൻ. വിശ്രമസമയത്ത് ഞങ്ങൾക്ക് ശല്യമുണ്ടാകാതിരിക്കാൻ അമ്മ അത്രത്തോളം ശ്രദ്ധിച്ചിരുന്നു. ഞാനൊരു ലോകചാമ്പ്യനാകുമെന്ന് കരുതിയല്ല അമ്മ ഇതൊന്നും ചെയ്തത്. കളിക്കാൻ ഒരിക്കൽ പോലും ഞങ്ങളിൽ സമ്മർദം ചെലുത്തിയിട്ടില്ല. ഞങ്ങളുടെ കളിയെ പിന്തുണക്കുക മാത്രമാണ് ചെയ്തത്. 'ഞാൻ എന്˙റെ മക്കളെ സ്നേഹിക്കുന്നു, എന്˙റെ മക്കൾ ബാഡ്മിൻറൺ ഇഷ്ടപ്പെടുന്നു, അതുകൊണ്ട് ഞാനും ബാഡ്മിൻറൺ ഇഷ്ടപ്പെടുന്നു'^ഇതായിരുന്നു അമ്മയുടെ ലൈൻ.
അഛനും ഇതുപോലെയായിരുന്നു. പരിശീലനത്തിന് പോകുന്ന വഴിയിലെ തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷണമൊരുക്കാൻ പുലർച്ച ഞങ്ങളോടൊപ്പം അഛനും സ്റ്റേഡിയത്തിലേക്ക് വരും. മാതാപിതാക്കളുടെ സ്നേഹവും കരുതലുമാണ് എന്നെ വളർത്തിയത്. ഇത് എന്˙റെ കരിയറിൽ മാത്രമല്ല, സ്വഭാവത്തിലും വലിയ സ്വാധീനം ചെലുത്തി. എന്നെ നല്ലൊരു മനുഷ്യസ്നേഹിയായി വളർത്തിയത് അവരാണ്.
●കുഞ്ഞുനാളുകളിൽ തോൽവി വലിയ അപകർഷതാബോധം ഉണ്ടാക്കിയിരുന്നു. ഓരോ തോൽവികളും കടുത്ത നിരാശയുണ്ടാക്കി. അനാവശ്യമായിരുന്നു അതെന്ന് വളർന്നുവന്നപ്പോൾ മനസിലായി. ഓരോ തോൽവിക്ക് ശേഷവും റൂമിലെത്തി സ്വയം പരിശോധന നടത്തും. എവിടെയൊക്കെ പിഴച്ചു എന്ന് എഴുതിവെക്കും. എതിരാളിയുടെ മേൻമകൾ എന്തൊക്കൊയിരുന്നു എന്ന് പരിശോധിക്കും. അത് മറികടക്കാനുള്ള മാർഗങ്ങൾ ആലോചിക്കും. അടുത്ത മത്സരത്തിനായി തയാറെടുക്കും. പല മത്സരങ്ങളിലും തോറ്റിട്ടുണ്ടാവാം. പക്ഷെ, തയാറെടുപ്പിന്˙റെ അഭാവം മൂലം ഒരിക്കൽ പോലും തോറ്റിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും. തോൽവി വിലയിരുത്തുമെങ്കിലും അതേകുറിച്ച് ഒരുപാട് ആലോചിക്കാറില്ല. അതിന്˙റെ ആവശ്യവുമില്ല. നമ്മുടെ ദൗർബല്യങ്ങൾ നമുക്കാണ് ഏറ്റവും കൃത്യമായി മനസിലാക്കാൻ കഴിയുക. ദൗർബല്യങ്ങൾ എതിരാളിക്ക് മനസിലാക്കാൻ അവസരം നൽകരുത്. എതിരാളി അത് മനസിലാക്കുന്നതോടെ നമ്മൾ തോറ്റുതുടങ്ങും. എതിരാളികളെ ഭയപ്പെടാതിരിക്കുക എന്നതാണ് ആത്മവിശ്വാസം ആർജിക്കാനുള്ള മറ്റൊരു വഴി. ഞങ്ങളുടെ ചെറുപ്പകാലത്ത് മഹാരാഷ്ട്ര താരങ്ങളെ കാണുമ്പോൾ തന്നെ ആത്മവിശ്വാസം ചോർന്നിരുന്നു. ഫുൾ കിറ്റുമായി വരുന്ന അവർക്ക് മുൻപിൽ ഒരു റാക്കറ്റും ടൗവ്വലും മാത്രമായിരുന്നു ഞങ്ങളുടെ കൈയിലുള്ളത്. പക്ഷെ, അവരെയെല്ലാം തോൽപിച്ച് ദേശീയ ചാമ്പ്യനാകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലേ. വിജയിക്കും എന്ന് നിങ്ങൾക്ക് ഉറച്ച വിശ്വാസമുെണ്ടങ്കിൽ, ഏത് തോൽവിയും ഒരിക്കൽ വഴിമാറും.
●ഏഴ് വർഷം മുൻപ് 13 വയസുള്ള കുട്ടിയെ പരിശീലിപ്പിക്കുന്ന സമയത്തുണ്ടായ സംഭവമാണ് എന്നിലെ പരിശീലകനെ മാറ്റിയെടുത്തത്. ഞാൻ എറിഞ്ഞുകൊടുത്ത ഷട്ട്ൽ അവൾക്ക് പിടിക്കാൻ കഴിയാതെ വന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. ഷട്ട്ൽ പിടിക്കാൻ പഠിച്ചിട്ട് വരൂ എന്ന് പറഞ്ഞ് അവളെ മടക്കി അയച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ വീണ്ടും എന്˙റെയടുത്ത് വന്നു. എങ്ങിനെയാണ് ഷട്ട്ൽ പിടിക്കേണ്ടത് എന്ന് പഠിപ്പിച്ച് തരണമെന്നായിരുന്നു അവളുടെ അപേക്ഷ. ഈ സംഭവം കോച്ചിങിനോടുള്ള എന്˙റെ മനോഭാവം ആകെ മാറ്റിമറിച്ചു. പലകുട്ടികളുടെയും കഴിവുകൾ വ്യത്യാസപ്പെട്ടിരിക്കുമെന്നും അത് മനസിലാക്കി വേണം അവരോട് പെരുമാറാൻ എന്നും എന്നെ പഠിപ്പിച്ചത് ആ 13കാരിയാണ്.
●1994ലായിരുന്നു അത്. ആ ദിവസം പോലും ഞാൻ ഇപ്പോഴും കൃത്യമായി ഓർമിക്കുന്നുണ്ട്. സാധാരണ കാൽമുട്ട് വേദനയാണെന്നാണ് ആദ്യം കരുതിയത്. കരിയർ പോലും അവസാനിപ്പിക്കേണ്ടി വന്നേക്കാവുന്ന പരിക്കാണിതെന്ന് പിന്നീടാണറിഞ്ഞത്. ഫുട്ബാളിന്˙റെ വലുപ്പത്തിൽ കാൽമുട്ട് വീർത്തുവന്നു. നാഷനൽ ചാമ്പ്യൻഷിപ്പ് നടക്കുന്ന സമയമാണത്. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ചാമ്പ്യൻഷിപ്പിനായി ഡൽഹിക്ക് വണ്ടി കയറി. പെയിൻകില്ലർ കഴിച്ചിട്ട് പോലും ശമനമില്ലാത്ത വേദനയുണ്ടായിരുന്നു. പിന്നീട് പരിശോധിച്ച ഡോക്ടർ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്ന് അറിയിച്ചു. കൈയിൽ പണമുണ്ടായിരുന്നില്ലെങ്കിലും ഡോക്ടറുടെ മഹാമനസ്കതയിൽ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തിയാക്കി. ആറ് മാസത്തിന് ശേഷമാണ് നടന്ന് തുടങ്ങിയത്. അസുഖം എന്ന് ദേഭമാകുമെന്ന് ഡോക്ടർമാർക്ക് പോലും പറയാൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രൊഫഷനുകൾക്കും ഇതുപോലൊരു സമയമുണ്ടാകും. എല്ലാം അവസാനിച്ചുവെന്ന് കരുതുന്ന സമയം. ഈ സമയത്ത് നമുക്ക് മുൻപിൽ രണ്ട് വഴികളുണ്ടാകും. ഒന്നുകിൽ, തോൽവി സമ്മതിച്ച് നിരാശയോടെ ജീവിതം തള്ളി നീക്കാം. അല്ലെങ്കിൽ, ഒരു ദിവസം ഒരു സ്റ്റെപ്പ് എന്ന കണക്കിലെങ്കിലും പുതുജീവിതം തുടങ്ങണം. തോറ്റുകൊടുക്കേണ്ടെന്നായിരുന്നു എന്˙റെ തീരുമാനം. മാതാപിതാക്കളുടെ സഹായത്തോടെ പിച്ചവെച്ചു തുടങ്ങി. പുസ്തകം വായിക്കാൻ കൂടുതൽ സമയം കിട്ടിയിരുന്നു. കൂടുതൽ അറിവും കരുത്തും നേടാൻ ഇത് സഹായിച്ചു. കഠിനമായ പരിമ്രത്തിനൊടുവിലാണ് ബാഡ്മിൻറൺ കോർട്ടിലേക്ക് മടങ്ങിയെത്തിയത്. പക്ഷെ, അത്ര നല്ല സ്വീകരണമായിരുന്നില്ല കോർട്ടിൽ നിന്ന് ലഭിച്ചത്. പഴയ ഗോപിചന്ദാവാൻ കഴിയില്ല എന്ന് അവർ മുൻകൂട്ടി വിധിച്ചിരുന്നു. കാൽമുട്ടിന്˙റെ വേദന മൂലം പല കളികളിലും തോൽവി നേരിടേണ്ടി വന്നു. ഓരോ തോൽവിക്ക് ശേഷവും വീട്ടിലെത്തി പൊട്ടിക്കരയും. മാനസീകമായി തളരുന്ന അവസ്ഥയുണ്ടായി. കുടുംബത്തിന്˙റെ സാമ്പത്തിക സ്ഥിതിയും മോശമായി. അപ്പോഴും കരുത്തായി മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. വീണ്ടും ചികിത്സക്ക് ശേഷം കഠിനാധ്വാനം തുടങ്ങി. ആക്രമണ ശൈലിയിൽ നിന്ന് പ്രതിരോധ ശൈലിയിലേക്ക് മാറി. പിന്നീട് ആക്രമണവും പ്രതിരോധവും സമ്മിശ്രമാക്കി (ഇതിന് ശേഷമാണ് 1998ൽ ഗോപിചന്ദ് കോമൺവെൽത്ത് ഗെയിംസിൽ മെഡലും 2001ൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറണിൽ ചാമ്പ്യനുമായത്).
●ഒരിക്കലും എന്˙റെ ജീവിത കഥ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അടുത്ത സുഹൃത്ത് ശശിധറാണ് ഇങ്ങനൊരു ആശയം മുന്നോട്ടുവെച്ചതും നിർബന്ധിച്ചതും. ലോകം നിങ്ങളുടെ കഥ അറിയണം എന്ന് പറഞ്ഞത് അദ്ദേഹമണ്. അങ്ങിനെയാണ് പ്രിയ കുമാറിനെ ആത്മകഥ പകർത്തി എഴുതാൻ ഏൽപിച്ചത്. പ്രചോദക പ്രഭാഷക കൂടിയായ പ്രിയ അത് മനോഹരമയി പൂർത്തിയാക്കി. ശശിധർ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പുസ്തകം ഇറങ്ങുമായിരുന്നില്ല. എന്˙റെ ജീവിതം മറ്റാർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ ഞാൻ എന്തിന് എതിർക്കണം.
●ശ്രീകാന്തും കശ്യപുമെല്ലാം മികച്ച താരങ്ങളാണ്. നിർഭാഗ്യമാണ് അവർക്ക് മുന്നിലെ തടസം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാഡ്മിന്˙റണിേലക്ക് കൂടുതൽ താരങ്ങൾ എത്തുന്നുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. യു.എ.ഇ പോലുള്ള സ്ഥലങ്ങളിലും കളിച്ചുവളരാനുള്ള സാഹചര്യമുണ്ട്. ഇവിടെ കളിച്ച് ഇന്ത്യൻ ടീമിൽ കയറിയവാണ് തനിഷ ക്രാസ്റ്റോയും രവിയുമെല്ലാം. ഏത് രാജ്യത്തായാലും കളിച്ചുവളരാനുള്ള സാഹചര്യമുണ്ട്. താരങ്ങൾ ഇനിയും വരും.
●ഓരോ കളിക്കാരെയും ട്രീറ്റ് ചെയ്യുന്നത് ഓരോ രീതിയിലാണ്. അവരുടെ സ്വഭാവവും ലക്ഷ്യവും കഴിവുമെല്ലാം അനുസരിച്ചാണ് പരിശീലിപ്പിക്കുന്നത്. ചിലരോട് സ്ട്രിക്ടാവേണ്ടി വരും. മറ്റ് ചിലരോട് അത്രയും വേണ്ടി വരില്ല. ഒരു വലിയ താരത്തെ പരിശീലിപ്പിക്കുമ്പോൾ ചിലപ്പാൾ അവരിൽ മാത്രമെ ശ്രദ്ധിക്കാൻ കഴിയൂ. മറ്റുള്ള താരങ്ങളിലേക്ക് ശ്രദ്ധ പോകില്ല. അതേസമയം, വമ്പൻ താരങ്ങളില്ലെങ്കിൽ എല്ലാവരെയും ശ്രദ്ധിക്കാൻ കഴിയും. കുറച്ച് വർഷങ്ങളായി എനിക്ക് കൂടുതൽ താരങ്ങളെ ശ്രദ്ധിക്കാനും വളർത്തിയെടുക്കാനും കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.