സീസണ് തുടക്കം കുറിച്ച് നടന്ന മലേഷ്യൻ ഓപൺ സൂപർ 1000 ടൂർണമെന്റ് സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിപ്പിച്ച് എച്ച്.എസ് പ്രണോയ് ക്വാർട്ടറിൽ മടങ്ങി. മികച്ച റാലികളുമായി 82 മിനിറ്റ് നീണ്ട കിടിലൻ പോരാട്ടത്തിനൊടുവിൽ ജപ്പാൻ താരം കോഡയ് നരോകക്കു മുന്നിൽ 16-21, 21-19, 10-21നായിരുന്നു തോൽവി. പ്രതിരോധവും ആക്രമണവും സമം ചേർത്ത് ഇരുവരും ഒപ്പം നിന്ന് പൊരുതിയ കളിയിൽ ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തൊട്ടുപിറകെ തിരിച്ചുപിടിച്ച് പ്രണോയ് കളിയിൽ തിരികെയെത്തിയെങ്കിലും അവസാന ഗെയിമിൽ തോൽവി സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുവരും മുഖാമുഖം നിന്ന മൂന്നാം മത്സരത്തിലാണ് പ്രണോയ് കീഴടങ്ങുന്നത്. ലോക റാങ്കിങ്ങിൽ ഏഴാമതുള്ള നരോക നിലവിൽ ഏറ്റവും മികച്ച ഫോമിൽ തുടരുന്നതാണ് പ്രണോയ്ക്ക് വിനയായത്. വേൾഡ് ടൂർ ഫൈനൽസിലുൾപ്പെടെ നരോക ഇറങ്ങിയ അവസാന 10 ടൂർണമെന്റുകളിൽ എട്ടിലും സെമി കളിച്ചിട്ടുണ്ട്. മറുവശത്ത്, കഴിഞ്ഞ വർഷം ലോക റാങ്കിങ് എട്ടുവരെ കയറിയ ഇന്ത്യൻ താരത്തിന് എതിരാളിയുടെ അവസാനം വരെയുള്ള പോരാട്ടവീര്യം തിരിച്ചടിയാകുകയായിരുന്നു. മലേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപൺ എന്നിവയിലും സെമി കടമ്പക്കു മുന്നിൽ താരം വീണിരുന്നു.
മുൻനിര താരങ്ങളായ പി.വി സിന്ധു, സൈന നെഹ്വാൾ, കിഡംബി ശ്രീകാന്ത് എന്നിവർ നേരത്തെ മടങ്ങിയ ഇന്ത്യൻ നിരയിൽ ഇനി ഡബ്ൾസ് താരങ്ങളായ സാത്വിക്- ചിരാഗ് സഖ്യത്തിൽ മാത്രമാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.