ജകാർത്ത: ഇന്തോനേഷ്യ ഓപൺ വേൾഡ് ടൂർ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഒളിമ്പ്യൻ പി.വി. സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ പുറത്തായി. പുരുഷ സിംഗ്ൾസിൽ ഹോങ്കോങ്ങിന്റെ ആൻഗസ് എൻഗ് കാ ലോങ്ങിനെ 21-18, 21-16 സ്കോറിനാണ് പ്രണോയ് തോൽപിച്ചത്.
ശ്രീകാന്ത് സഹതാരം ലക്ഷ്യ സെന്നിനെതിരെ 21-17, 22-20ന് ജയിച്ചു. യഥാക്രമം ജപ്പാന്റെ കൊഡായ് നരോകയും സിംഗപ്പൂരിന്റെ ലോ കീൻ യൂവുമാണ് പ്രണോയിയുടെയും ശ്രീകാന്തിന്റെയും ക്വാർട്ടറിലെ പ്രതിയോഗികൾ. വനിത സിംഗ്ൾസിൽ സിന്ധു ചൈനയുടെ ലോക മൂന്നാം നമ്പർ താരം തായ് സൂ യിങ്ങിനോട് 18-21, 16-21ന് മുട്ടുമടക്കി. പുരുഷ ഡബ്ൾസിൽ സാത്വിക്-ചിരാഗ് സഖ്യം ചൈനയുടെ ഹേ ജി ടിങ്-സ്യൂ ഹാവോ ഡോങ് ജോടിയെ 21-17, 21-15 സ്കോറിനാണ് വീഴ്ത്തിയത്. ടോപ് സീഡുകളായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ- മുഹമ്മദ് റയാൻ ആർഡിയാന്റോ ജോടിയാണ് ഇവരുടെ അടുത്ത എതിരാളികൾ. പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ യുവതാരം പ്രിയാൻഷു രജാവത്തിനെ 22-20 ,15-21, 15-21ന് തോൽപിച്ച് ആതിഥേയ പ്രമുഖൻ ആന്തണി ജിന്റിങ് ക്വാർട്ടറിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.