പ്രണോയ്, ശ്രീകാന്ത് ക്വാർട്ടറിൽ; സിന്ധു, ലക്ഷ്യ സെൻ പുറത്ത്
text_fieldsജകാർത്ത: ഇന്തോനേഷ്യ ഓപൺ വേൾഡ് ടൂർ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഒളിമ്പ്യൻ പി.വി. സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ പുറത്തായി. പുരുഷ സിംഗ്ൾസിൽ ഹോങ്കോങ്ങിന്റെ ആൻഗസ് എൻഗ് കാ ലോങ്ങിനെ 21-18, 21-16 സ്കോറിനാണ് പ്രണോയ് തോൽപിച്ചത്.
ശ്രീകാന്ത് സഹതാരം ലക്ഷ്യ സെന്നിനെതിരെ 21-17, 22-20ന് ജയിച്ചു. യഥാക്രമം ജപ്പാന്റെ കൊഡായ് നരോകയും സിംഗപ്പൂരിന്റെ ലോ കീൻ യൂവുമാണ് പ്രണോയിയുടെയും ശ്രീകാന്തിന്റെയും ക്വാർട്ടറിലെ പ്രതിയോഗികൾ. വനിത സിംഗ്ൾസിൽ സിന്ധു ചൈനയുടെ ലോക മൂന്നാം നമ്പർ താരം തായ് സൂ യിങ്ങിനോട് 18-21, 16-21ന് മുട്ടുമടക്കി. പുരുഷ ഡബ്ൾസിൽ സാത്വിക്-ചിരാഗ് സഖ്യം ചൈനയുടെ ഹേ ജി ടിങ്-സ്യൂ ഹാവോ ഡോങ് ജോടിയെ 21-17, 21-15 സ്കോറിനാണ് വീഴ്ത്തിയത്. ടോപ് സീഡുകളായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ- മുഹമ്മദ് റയാൻ ആർഡിയാന്റോ ജോടിയാണ് ഇവരുടെ അടുത്ത എതിരാളികൾ. പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ യുവതാരം പ്രിയാൻഷു രജാവത്തിനെ 22-20 ,15-21, 15-21ന് തോൽപിച്ച് ആതിഥേയ പ്രമുഖൻ ആന്തണി ജിന്റിങ് ക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.