ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കി അഭിമാനമായ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിരുന്ന് ഒരുക്കിയിരുന്നു. ടോക്യോയിൽ നിന്ന് മടങ്ങി വന്ന ശേഷം ഇഷ്ടപ്പെട്ട ഐസ്ക്രീം ഒരുമിച്ച് കഴിക്കാമെന്ന് മോദി ബാഡ്മിന്റൺ താരം സിന്ധുവിന് വാക്കു നൽകിയിരുന്നു. വനിത വിഭാഗം ബാഡ്മിന്റണിൽ വെങ്കല മെഡൽ ജേതാവായി സിന്ധു നാട്ടിൽ തിരിച്ചെത്തിയതോടെ ആ വാഗ്ദാനം മോദി നിറവേറ്റി.
'പ്രധാനമന്ത്രിയോടൊത്ത് അവസാനം ഒരു ഐസ്ക്രീം കഴിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്' -സിന്ധു ട്വീറ്റ് ചെയ്തു. ഇരുവരും സംസാരിക്കുകയും ഐസ്ക്രീം കഴിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സിന്ധുവിന് മോദി റാക്കറ്റ് സമ്മാനമായി നൽകി.
ഒളിമ്പിക്സിനൊരുങ്ങുന്നതിനാൽ നിയന്ത്രണം പാലിക്കേണ്ടിവന്നുവെന്നും അതിനാൽ ഐസ് ക്രീം കഴിക്കാറില്ലെന്നും പറഞ്ഞ സിന്ധുവിനോട് അതുകഴിഞ്ഞ് കാണുകയാണെങ്കിൽ കൂടെ ഐസ് ക്രീം കഴിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ഒളിമ്പിക്സിനായി പുറപ്പെടുന്ന കായിക താരങ്ങളോട് സംവദിക്കുന്ന വേളയിലായിരുന്നു അത്.
മറ്റു അത്ലറ്റുകൾക്കൊപ്പം പ്രധാനമന്ത്രിയോട് സംസാരിക്കാനായത് സന്തോഷകരമായ അനുഭവമാണെന്നായിരുന്നു സിന്ധു അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.