‘ലിൻഡാനെപ്പോലെ ലോകോത്തര ബാഡ്മിന്റൺ താരമായി വളരണം, ഒളിമ്പിക്സ് ഉൾപ്പെടെ ലോകവേദികളിൽ തിളങ്ങണം...’ അങ്ങനെ ബാഡ്മിന്റൺ കോർട്ടിലെ ഒരുപിടി സ്വപ്നങ്ങളുമായി റാക്കറ്റേന്തുകയാണ് യു.എ.ഇയിൽ കളിച്ചുവളരുന്ന ഒരു ഇന്ത്യൻ താരം. പേര്, റിയാൻ മൽഹാൻ. വയസ്സ് 13.
ഇതിനകംതന്നെ ഒട്ടേറെ ലോകോത്തര റാങ്കിങ് ടൂർണമെന്റുകളിൽ വിജയം നേടി പ്രതിഭ തെളിയിച്ച ഡൽഹിക്കാരൻ ഇപ്പോൾ തന്റെ മികവ് തേച്ചുമിനുക്കാനായി ഖത്തറിലെത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ ദേശീയ താരവും പ്രമുഖ ബാഡ്മിന്റൺ പരിശീലകനുമായ മനോജ് സാഹിബ്ജാനു കീഴിൽ ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ അക്കാദമിയായ എൻ.വി.ബി.എസിൽ കളിയുടെ പുതിയപാഠങ്ങൾ തേടിയാണ് റിയാൻ മൽഹാൻ മതാപിതാക്കൾക്കൊപ്പം ദോഹയിലെത്തിയത്. വരാനിരിക്കുന്ന സീസണിൽ യൂറോപ്പിലും ഏഷ്യയിലുമായി ശ്രദ്ധേയ ടൂർണമെന്റുകളിൽ മാറ്റുരക്കാൻ ഒരുങ്ങുന്ന റിയാൻ മികച്ച പരിശീലനം ലക്ഷ്യമിട്ടാണ് എൻ.വി.ബി.എസിലെ കോച്ചുമാർക്ക് കീഴിലെത്തിയത്.
ദുബൈ ജെം പ്രൈവറ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് കൊച്ചു റിയാൻ. യു.എ.ഇയിൽ ബാങ്കിങ് മേഖലയിൽ ജോലിചെയ്യുന്ന പിതാവ് വിപുൽ മൽഹാന്റെ ബാഡ്മിന്റൺ കളി കണ്ട് അഞ്ചാം വയസ്സിലാണ് റിയാൻ ആദ്യമായി റാക്കറ്റേന്തുന്നത്. തനിക്കൊപ്പം തന്നെ വലുപ്പമുള്ള ബാറ്റിനെ അവൻ വേഗത്തിൽ മെരുക്കിയെടുത്തു. അച്ഛൻ വിപുലും അമ്മ വസുധ മൽഹാനുമാണ് കുഞ്ഞുപ്രായത്തിൽ കളി പഠിച്ചു തുടങ്ങിയ റിയാനിലെ ബാഡ്മിന്റൺ താരത്തെ തിരിച്ചറിയുന്നത്. തുടർന്ന് യു.എ.ഇയിലെ വിവിധ അക്കാദമികളിലായി പരിശീലനം നൽകി തുടങ്ങിയതോടെ അവനിലെ കളിക്കാരനും വളരുകയായിരുന്നു. പ്രൈം സ്റ്റാർ അക്കാദമിയിൽ നിന്നും കളിയുടെ ബാലപാഠങ്ങൾ പഠിച്ചുവളർന്ന താരം മികച്ച വിജയങ്ങൾ നേടി സ്കൂൾ, ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ദുബൈ, ഇന്ത്യ, മലേഷ്യൻ പരിശീലകരുടെ മാർഗദർശനം കൂടിയായതോടെ പ്രതിഭയും തേച്ചുമിനുക്കിയെടുത്തു. ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പുല്ലേല ഗോപീചന്ദിനു കീഴിൽ ഐ.ഡി.ബി.ഐ പ്രോഗ്രാം എക്സലൻസിലൂടെ പരിശീലനത്തിനുള്ള അവസരവും ലഭിച്ചിരുന്നു.
2022ൽ അഖിലേന്ത്യാ ജൂനിയർ ചാമ്പ്യൻഷിപ് അണ്ടർ 13 വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ താരം, ഡൽഹി സ്റ്റേറ്റ് ബോയ്സ് സിംഗ്ൾസിലും ഡബ്ൾസിലും മുൻനിരയിലെത്തി. ലഖ്നോവിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പിലും തിളങ്ങി. ബ്ലൂ ഓഷ്യൻ ബാഡ്മിന്റൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ യു.എ.ഇക്കു വേണ്ടി കളിച്ച് കിരീടമണിഞ്ഞാണ് റിയാൻ താരമായത്. വിവിധ പ്രായ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് സീഡുമായി. യുഗാണ്ട, സ്പെയിൻ, സൈപ്രസ് എന്നിവടങ്ങളിൽ യു.എ.ഇ ടീമിന്റെ ഭാഗമായി മത്സരിക്കുകയും, ഏറ്റവും ഒടുവിൽ ബഹ്റൈനിൽ നടന്ന ജൂനിയർ ഇന്റർനാഷനൽ സീരീസിൽ വെള്ളി മെഡൽ നേടുകയും ചെയ്തു.
ഹ്രസ്വകാല പരിശീലനത്തിനായാണ് റിയാൻ മൽഹാൻ ഖത്തറിലെ എൻ.വി.ബി.എസിലെത്തിയത്. ദിവസവും എട്ടു മണിക്കൂർ പരിശീലനം. രാവിലെ തുടങ്ങുന്ന സെഷന് ചീഫ് കോച്ചും എൻ.വി.ബി.എസ് സ്ഥാപകനുമായ മനോജ് സാഹിബ്ജാനാണ് നേതൃത്വം നൽകുന്നത്. രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയുമായി തുടരുന്ന സെഷനുകളിൽ അഫ്സൽ ഒ.കെ, ആദർശ് എം.എസ്, ആഷിഫ് അമീർജാൻ, ദർശന ഹരിദാസ് എന്നീ പരിശീലകരുടെ പിന്തുണയുമുണ്ട്. മികച്ച പ്രതിഭയും കളിമികവുമുള്ള റിയാൻ ഭാവിയുള്ള ബാഡ്മിന്റൺ താരമായി മാറുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകുന്ന മനോജ് സാഹിബ് ജാൻ പറയുന്നു. ഇപ്പോൾ പ്രായം 14നും താഴെയാണെങ്കിലും ഏറെ മുതിർന്ന കളിക്കാർക്കൊപ്പം ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്നതാണ് റിയാന്റെ മിടുക്ക്. അധികം വൈകാതെതന്നെ സ്വപ്നങ്ങളിലേക്ക് പറക്കാൻ കരുത്തുള്ള പ്രതിഭയെ റിയാനിൽ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ മുൻനിര ബാഡ്മിന്റൺ പരിശീലന കേന്ദ്രമായി മാറിയ എൻ.വി.ബി.എസ് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള താരങ്ങളുടെ ശ്രദ്ധയും ഇതിനകം നേടിക്കഴിഞ്ഞു. വിവിധ താരങ്ങളാണ് തങ്ങളുടെ പരിശീലനത്തിനും കരിയർ മെച്ചപ്പെടുത്താനുമായി ഈ കേന്ദ്രത്തെ തേടിയെത്തുന്നതെന്ന് മനോജ് സാഹിബ്ജാൻ പറഞ്ഞു. ദേശീയതലത്തിലും വിവിധ റാങ്കിങ് ടൂർണമെന്റിലും മികവുതെളിയിക്കുന്ന ഒരുപിടി താരങ്ങളാണ് ഇപ്പോൾ എൻ.വി.ബി.എസിൽ പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.