പാരിസ്: കളി പൂർത്തിയായ ശേഷം എതിരാളിക്ക് പരിക്കേറ്റതിന് സിംഗ്ൾസിൽ ലക്ഷ്യക്ക് പോയന്റ് നഷ്ടമായിടത്ത് ഡബ്ൾസിൽ സമാന സംഭവമുണ്ടായിട്ടും ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്ത് ഇന്ത്യയുടെ സുവർണ ജോടികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി. ഒരു കളി ബാക്കി നിൽക്കെയാണ് ഗ്രൂപ് സിയിൽനിന്ന് ആദ്യ രണ്ടിലൊന്നായി ടീം അവസാന എട്ടിലേക്ക് ടിക്കറ്റെടുക്കുന്നത്. ജർമനിയുടെ മാർവിൻ സീഡെൽ-മാർക് ലാംസ്ഫസ് സഖ്യവുമായാണ് തിങ്കളാഴ്ച സാത്വികും ചിരാഗും കളിക്കേണ്ടിയിരുന്നത്.
എന്നാൽ, പരിക്കു മൂലം ലാംസ്ഫസ് പിൻവാങ്ങുകയായിരുന്നു. പിറകെ, ഇതേ ഗ്രൂപിലെ മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ജോടികളായ ലുകാസ് കോർവിയും റൊനാൻ ലബ്റാറും ഇന്തോനേഷ്യയുടെ ഫജ്ർ അൽഫിയൻ-റിയാൻ മുഹമ്മദ് അർഡിയാന്റോ കൂട്ടുകെട്ടിനു മുന്നിൽ മുട്ടുമടക്കിയതോടെയായിരുന്നു ഇന്ത്യൻ ജോടി ക്വാർട്ടർ ഉറപ്പിച്ചത്. ഫ്രഞ്ച് ജോടികൾക്കെതിരെ ആദ്യ മത്സരത്തിൽ സാത്വിക്-ചിരാഗ് സഖ്യം ജയിച്ചിരുന്നു. ഗ്രൂപിൽ ആദ്യ രണ്ടു ടീമുകൾക്കാണ് ക്വാർട്ടർ പ്രവേശനം. ഫ്രഞ്ച് സഖ്യം രണ്ടിലും തോറ്റ് അവസാനക്കാരായി.
ഗ്രൂപ് ജേതാക്കളെ കണ്ടെത്താനുള്ള അവസാന മത്സരത്തിൽ സാത്വികും ചിരാഗും ഇന്ന് ഇന്തോനേഷ്യൻ സഖ്യവുമായി മത്സരിക്കും. ആദ്യമായാണ് ഇന്ത്യൻ ജഴ്സിയിൽ ഡബ്ൾസ് ടീം ഒളിമ്പിക്സ് ക്വാർട്ടറിലെത്തുന്നത്. വനിത ഡബ്ൾസിൽ ലോക നാലാം നമ്പറുകാരായ നാമി മത്സ്യുയാമ-ചിഹാരു ഷിദ സഖ്യത്തോട് തോറ്റ തനിഷ ക്രസ്റ്റോ- അശ്വിനി പൊന്നപ്പ കൂട്ടുകെട്ട് പുറത്താകും. ആദ്യ കളിയിലും ടീം തോൽവി സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.