ബാങ്കോക്: തായ്‍ലൻഡ് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യയുടെ മലയാളിതാരം കിരൺ ജോർജ് പുറത്ത്. ജയന്റ് കില്ലറായി അറിയപ്പെട്ട കിരൺ പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനോടാണ് തോറ്റത്. സ്കോർ: 16-21, 17-21. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ കിരൺ മുൻ മത്സരങ്ങളിലെ ഫോമിലെത്തിയില്ല. ആദ്യ ഗെയിമിൽ ടോമ തുടർച്ചയായി അഞ്ചു പോയന്റുമായി കുതിപ്പിന് തുടക്കമിടുകയായിരുന്നു. പിന്നീട് മൂന്നു പോയന്റ് നേടി 3-5ലേക്ക് കിരൺ കുതിച്ചു.
ക്രോസ് കോർട്ട് ഷോട്ടിലൂടെ പോയന്റ് നേടിയ കിരൺ 10-10ന് ഒപ്പമെത്തി. ശരീരം ലക്ഷ്യമാക്കിയുള്ള എതിരാളിയുടെ സ്മാഷുകൾക്ക് മറുപടി നൽകാൻ മലയാളി താരത്തിന് കഴിഞ്ഞില്ല. 16-19 വരെ പോയന്റ് എത്തിയെങ്കിലും 21-16ന് ഫ്രഞ്ച് താരം ആദ്യ ഗെയിം കൈയിലാക്കി.
തിരിച്ചുവരവിനായുള്ള ശ്രമമായിരുന്നു രണ്ടാം ഗെയിമിൽ. 8-8ന് എതിരാളിക്കൊപ്പമെത്തിയ കിരൺ ഇടവേളയിൽ 11-8ന് ലീഡ് നേടി. കനമേറിയ ആക്രമണത്തിൽ ഫ്രഞ്ചുകാരൻ പതറി. 16-16ൽ പോയന്റ് തുല്യമായി. ടോമോയുടെ ബോഡി സ്മാഷുകളിൽ വീണ്ടും പതറിയതോടെ 17-21ന് ഗെയിമും മത്സരവും കൈവിട്ടു.
അതേസമയം, പ്രകാശ് പദുകോൺ അക്കാദമിയിൽ കിരണിന്റെ കൂട്ടുകാരനായ ലക്ഷ്യ സെൻ സെമിയിലെത്തി.
മലേഷ്യയുടെ ലിയോങ് ജുൻ ഹാവോയെ 21-19, 21-11 എന്ന സ്കോറിനാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ തോൽപിച്ചത്. സീസണിൽ ആദ്യമായാണ് ലക്ഷ്യ സെൻ പ്രധാന ടൂർണമെന്റുകളിൽ അവസാന നാലിൽ ഇടംനേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.