ലാഹോർ: 17 വർഷത്തിനിടെ ഇതാദ്യമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മേധാവികൾ പാകിസ്താനിലെത്തി. ഏഷ്യ കപ്പ് മത്സരം കാണാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം സ്വീകരിച്ചാണ് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ലാഹോർ സന്ദർശിക്കുന്നത്. അത്താരി-വാഗ അതിർത്തി വഴിയായിരുന്നു യാത്ര. ചൊവ്വാഴ്ച ലാഹോർ സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരം ഇരുവരും കാണും. 2008ലെ ഏഷ്യ കപ്പിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനമായി പാകിസ്താനിലെത്തിയത്. ഇരു ടീമും തമ്മിലെ ദ്വിരാഷ്ട്ര പരമ്പര ഒടുവിൽ പാകിസ്താനിൽ നടന്നത് 2006ലും. ഇക്കുറി ഏഷ്യ കപ്പ് മത്സരങ്ങളുടെ വേദിയായി ആദ്യം പ്രഖ്യാപിച്ചത് പാകിസ്താനെയായിരുന്നു. എന്നാൽ, ടീമിനെ അയക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ശ്രീലങ്കയും വേദിയാക്കി. അതേസമയം, സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് രാജീവ് ശുക്ല അറിയിച്ചു. ‘‘ഏഷ്യ കപ്പ് ആതിഥേയരാണ് പാകിസ്താൻ. ഈ പ്രതിനിധി സംഘത്തിന്റെ സന്ദർശന ലക്ഷ്യം ക്രിക്കറ്റ് മാത്രമാണ്. ദ്വിദിന സന്ദർശനമാണ്. പഞ്ചാബ് (പാകിസ്താനിലെ) ഗവർണർ ഞങ്ങൾക്കായി അത്താഴമൊരുക്കുന്നുണ്ട്. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, പാകിസ്താൻ താരങ്ങളും പങ്കെടുക്കും. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുത്’’ -കോൺഗ്രസ് രാജ്യസഭാംഗംകൂടിയായ ശുക്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.