സന്തോഷ് ട്രോഫി ഫുട്ബാളിൽ തുടർച്ചയായി നാലാം ജയം കുറിച്ച് കേരളം ബി ഗ്രൂപ് ചാമ്പ്യന്മാർ. ആദ്യ പകുതിയിൽ നേടിയ മൂന്നുഗോളിന് ഡൽഹിയെ മുക്കിയ കേരളത്തിന് ഇതോടെ 12 പോയന്റായി. നസീബ് റഹ്മാൻ (16), ജോസഫ് ജസ്റ്റിൻ (31), ഷിജിൻ (40) എന്നിവരാണ് സ്കോറർമാർ. നിറഞ്ഞുകളിച്ച വിങ്ങർ നിജോ ഗിൽബർട്ടിന്റെ ബൂട്ടിൽനിന്നായിരുന്നു മൂന്നുഗോളിലേക്കും അസിസ്റ്റ് പിറന്നത്. നസീബാണ് കളിയിലെ താരം.
കഴിഞ്ഞ കളികളിലെ ഗോൾമെഷീൻ മുഹമ്മദ് അജ്സലിന് വിശ്രമം നൽകി ടി. ഷിജിന് ആക്രമണ ചുമതല നൽകി 5-4-1 ശൈലിയിലാണ് കോച്ച് ബിബി തോമസ് കേരള ടീമിനെ ഇറക്കിയത്. മുഹമ്മദ് റോഷന് പകരം നിജോ ഗിൽബർട്ടും ആദ്യ ഇലവനിൽ ഇടം നേടി. ആക്രമണത്തിന് മുൻതൂക്കം നൽകി 4-2-4 ശൈലിയിലായിരുന്നു ഡൽഹിയുടെ വിന്യാസം.
ഒമ്പതാം മിനിറ്റിൽ ഡൽഹിക്ക് സുവർണാവസരം തെളിഞ്ഞു. പ്രതിരോധ താരം ഹിമാൻഷു റായ് ഉയർത്തി നൽകിയ പന്ത് കേരള ബോക്സിൽ നെഞ്ചിൽ സ്വീകരിച്ച ഡൽഹി ഫോർവേഡ് ബാരന്യു ബൻസാൽ ഗോളി ഹജ്മൽ മാത്രം മുന്നിൽ നിൽക്കെ ഉതിർത്ത ഷോട്ട് പക്ഷേ, പോസ്റ്റിന് പുറത്തേക്കായിരുന്നു. പിന്നാലെ ആദ്യ കോർണറിലൂടെ കേരളം ഡൽഹിക്ക് വരാനിരിക്കുന്നതിന്റെ അപായ സൂചന നൽകി. നിജോ ഗിൽബർട്ട് എടുത്ത കിക്ക് പറന്നിറങ്ങി ഗോൾപോസ്റ്റിന്റെ വലതുമൂലയിൽ തട്ടിത്തെറിച്ചു.
16ാം മിനിറ്റിൽ ഷിജിൽ- നിജോ- നസീബ് കൂട്ടുകെട്ടിൽ കേരളം ലീഡെടുത്തു. ഷിജിൽ നൽകിയ പന്ത് നിജോ ഗിൽബർട്ടിൽനിന്ന് ഒന്നാന്തരം പാസായി നസീബിലേക്ക്. ഡൽഹി ബോക്സിൽ രണ്ടു പ്രതിരോധ താരങ്ങളെ സുന്ദരമായി കബളിപ്പിച്ച് നസീബ് റഹ്മാന്റെ ഫിനിഷിങ് (1-0). ഗോൾ വീണെങ്കിലും ഡൽഹി ഇടക്കിടെ കേരള ഗോളിയെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഡൽഹി മുന്നേറ്റതാരം റിതുരാജ് മോഹന്റെ 25 വാര അകലെനിന്നുള്ള ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിലുരസി പുറത്തേക്ക് പോയി.
കേരളത്തിന്റെ പി.ടി. മുഹമ്മദ് റിയാസിന്റെ ഒറ്റക്കുള്ള മുന്നേറ്റം ഡൽഹി പ്രതിരോധം ഫൗളിൽ അവസാനിപ്പിച്ചതിൽനിന്ന് ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു 31ാം മിനിറ്റിൽ രണ്ടാം ഗോളിന്റെ പിറവി. വലത ബോക്സിന് പുറത്തുനിന്ന് നിജോ ഗിൽബർട്ട് എടുത്ത കിക്കിൽ ജോസഫ് ജസ്റ്റിന്റെ ഹെഡർ (2-0). പ്രതിരോധം മുറുക്കി ഒത്തിണക്കത്തോടെ ആക്രമണം തുടർന്ന കേരളം 40 ാം മിനിറ്റിൽ മൂന്നാം ഗോളും കണ്ടെത്തി ആദ്യ പകുതിയിൽ വ്യക്തമായ ലീഡ് പിടിച്ചു. നിജോയിൽനിന്നായിരുന്നു ഇത്തവണയും ഗോളിലേക്ക് വഴിയൊരുങ്ങിയത്. പ്രതിരോധ താരം എം. മനോജ് ചെത്തിനൽകിയ പന്ത് സ്വീകരിച്ച് നിജോ വലതുമൂലയിൽനിന്ന് ബോക്സിലേക്ക് നൽകിയ പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട പണിയേ ഷിജിന് ബാക്കിയുണ്ടായിരുന്നുള്ളൂ (3-0). തൊട്ടുപിന്നാലെ ഡൽഹി ഫോർവേഡ് ജയ്ദീപ് സിങ്ങിന്റെ ലോങ് റേഞ്ചർ ഗോൾകീപ്പർ ഹജ്മൽ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിൽ കേരളം പ്രതിരോധത്തിൽ മൂന്നു മാറ്റം വരുത്തി. മനോജിന് പകരം ആദിൽ അമൽ, മുഹമ്മദ് മുഷറഫിന് പകരം മുഹമ്മദ് അസ്ലം, മുഹമ്മമദ് റിയാസിന് പകരം മുഹമ്മദ് റിഷാദ് എന്നിവർ കളത്തിലെത്തി. മുന്നേറ്റത്തിൽ ഷിജിന് പകരം സതീഷും ഇറങ്ങി.
ഡൽഹി കൂടുതൽ ആക്രമണങ്ങൾ മെനഞ്ഞെങ്കിലും അവസരത്തിനൊത്ത് മധ്യനിരയും പ്രതിരോധത്തിലേക്കിറങ്ങിയതോടെ എതിർ മുന്നേറ്റങ്ങളുടെ വഴിയടഞ്ഞു. അതിനിടെ, കംജിൻസെയ് തോതാങ് നൽകിയ പന്തിൽ ബോക്സിൽനിന്ന് റിതുരാജിന്റെ കനത്തഅടി കേരള ഗോളിയെ കടന്നെങ്കിലും പോസ്റ്റ് വില്ലനായി. കഴിഞ്ഞകളിയിൽ മേഘാലയയോട് രണ്ടു ഗോളിന് പരാജയപ്പെട്ട ഡൽഹിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഞായറാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ മേഘാലയ എതിരില്ലാത്ത ഒരു ഗോളിന് ഗോവയെ തോൽപിച്ചപ്പോൾ ഒഡിഷയും തമിഴ്നാടും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ ഒഡിഷക്കും ഗോവക്കും അവസാന മത്സരം നിർണായകമാവും. 24ന് തമിഴ്നാടിനെതിരെയാണ് ഗ്രൂപ് റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.