ടോട്ടനത്തിന്‍റെ വലയിൽ ഗോൾ മഴ പെയ്യിച്ച് ലിവർപൂൾ; വമ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരെ 6-3ന്‍റെ വമ്പൻ ജയവുമായി ലിവർപൂൾ. പോയിന്‍റ് ടേബിളിലെ ഒന്നാംസ്ഥാനം ഉറപ്പിച്ച മത്സരത്തിൽ ലൂയിസ് ഡയസ്, മുഹമ്മദ് സലാഹ് എന്നിവർ ഇരട്ടഗോൾ നേടി. മാക് അലിസ്റ്റർ, ഡൊമനിക് സ്ലൊബോസ്ലായ് എന്നിവരാണ് മറ്റ് ഗോൾ നേടിയത്.

23ാം മിനിറ്റിൽ ലൂയിസ് ഡയസ് ആണ് ലിവർപൂളിന്റെ ഗോൾ വേട്ട ആരംഭിച്ചത്. അലക്‌സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെയായിരുന്നു ഗോൾ. 36ാം മിനിറ്റിൽ മാക് അലിസ്റ്റർ ഗോൾ നേട്ടം രണ്ടാക്കി. 41ാം മിനിറ്റിൽ ജെയിംസ് മാഡിസൺ ടോട്ടനത്തിനായി ഗോൾ നേടി. എന്നാൽ, ആദ്യപകുതിയുടെ അധികസമയത്ത് ഗോൾ നേടി ഡൊമനിക് സ്ലൊബോസ്ലായ് ടോട്ടനത്തിന് പ്രഹരമേൽപ്പിച്ചു.

രണ്ടാംപകുതിയിൽ സൂപ്പർ താരം സലാഹിന്‍റെ തേരോട്ടമാണ് കണ്ടത്. 54ാം മിനിറ്റിൽ ടോട്ടനം പെനാൽട്ടി ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ സലാഹിന്‍റെ ആദ്യ ഗോൾ പിറന്നു. ഇതോടെ സലാഹ് ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗോൾ വേട്ടക്കാരനായി. 61ാം മിനിറ്റിൽ ലിവർപൂളിന്‍റെ അഞ്ചാംഗോൾ സലാഹ് തന്നെ നേടി. തിരിച്ചടിച്ച ടോട്ടനം 72, 83 മിനിറ്റുകളിൽ ഗോൾ മടക്കി. കുലുസെവിസ്‌കിയും ഡൊമനിക് സോളങ്കിയുമായിരുന്നു സ്കോറർമാർ. എന്നാൽ, 85ാം മിനിറ്റിൽ ലൂയിസ് ഡയസ് രണ്ടാംഗോൾ നേടിയതോടെ ലിവർപൂളിന് 6-3ന്‍റെ വമ്പൻ ജയം സ്വന്തമായി. 

16 കളിയിൽ നിന്ന് 12 ജയവും ഒരു തോൽവിയും മൂന്ന് സമനിലയുമായി 39 പോയിന്‍റോടെയാണ് ലിവർപൂൾ പോയിന്‍റ് ടേബിളിൽ ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള ചെൽസിയക്ക് 17 കളിയിൽ 35 പോയിന്‍റാണുള്ളത്. 

Tags:    
News Summary - English Premier Leage Liverpool vs Tottenham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.