‘ചെന്നൈ സൂപ്പർ കിങ്സിലെത്തിയത് എനിക്ക് ദൈവം തന്ന സമ്മാനം’; ധോണിക്കും ടീമിനും ക്രെഡിറ്റ് സമ്മാനിച്ച് ശ്രീലങ്കൻ താരം

കൊളംബോ: രാജ്യാന്തര ക്രിക്കറ്റിലെ തന്റെ ഉയർച്ചയിൽ ചെന്നൈ സൂപ്പർ കിങ്സും നായകൻ എം.എസ് ധോണിയും നിർണായക പങ്കുവഹിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് ശ്രീലങ്കൻ പേസർ മതീഷ പതിരാന. ഇന്ത്യക്കെതിരായ വൈറ്റ് ബാൾ പരമ്പരക്കൊരുങ്ങുന്നതിനിടെയാണ് താരം ഐ.പി.എൽ ടീമിനോടും നായകനോടും കടപ്പാട് അറിയിച്ചത്. ചെന്നൈക്കായി കളിക്കുന്നത് വരെ തന്നെ പലർക്കും അറിയില്ലായിരുന്നെന്നും സി.എസ്.കെയിൽ കളിക്കാനായത് എനിക്ക് ദൈവം തന്ന സമ്മാനമാണെന്നും താരം സ്​പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അണ്ടർ 19 ടീമിലെത്തിയ ശേഷം ഞാൻ ശ്രീലങ്കയിലെ ഒരു ടീമിലും ഉണ്ടായിരുന്നില്ല. എന്നാൽ, സി.എസ്‌.കെയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ എനിക്ക് അവസരങ്ങൾ ലഭിക്കുകയും ശ്രീലങ്കൻ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സി.എസ്.കെയിൽ കളിക്കാനായത് എനിക്ക് ദൈവം തന്ന സമ്മാനമാണ്. ഞാൻ അവിടെ കളിക്കുന്നത് വരെ എന്നെ പലർക്കും അറിയില്ലായിരുന്നു. മഹി ഭായിയുമായി (എം.എസ് ധോണി) ഡ്രസ്സിങ് റൂം പങ്കിടുന്നത് എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക്, പ്രത്യേകിച്ച് ശ്രീലങ്കയിൽനിന്ന് വരുന്നവർക്ക് വളരെ സവിശേഷമാണ്’ -പതിരാന പറഞ്ഞു.

ഇന്ത്യക്കെതിരായ പരമ്പരയെ കുറിച്ചുള്ള പ്രതീക്ഷകളും താരം പങ്കുവെച്ചു. ‘അതൊരു നല്ല വെല്ലുവിളിയാകുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യ പുതിയ പരിശീലകനുമായും ഏതാനും പുതിയ താരങ്ങളുമായുമാണ് എത്തുന്നത്. അവരുടെ കോമ്പിനേഷൻ അൽപം വ്യത്യസ്തമായിരിക്കും. അവർ ലോകചാമ്പ്യന്മാരായതിനാൽ ഞങ്ങൾക്ക് നല്ലൊരു വെല്ലുവിളിയാകും. ഞങ്ങൾക്ക് പ്രതിഭയുള്ള മികച്ച താരങ്ങളുണ്ട്. നിർഭാഗ്യവശാൽ ട്വന്റി 20 ലോകകപ്പിൽ മികച്ച പ്രകടനം നടത്താനായില്ല. ഈ പരമ്പര ഞങ്ങൾക്ക് ജയിക്കാനായാൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഊർജമാകും’ -പതിരാന കൂട്ടിച്ചേർത്തു.

2022ലെ അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കൻ ഇതിഹാസ താരം ലസിത് മലിംഗയുടേതിന് സമാന ആക്ഷനുമായി വിസ്മയിപ്പിച്ച താരമായിരുന്നു പതിരാന. അതേ സീസണിൽ ആദം മിൽനെക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി സി.എസ്.കെ താരത്തെ ടീമിലെത്തിച്ചു. എന്നാൽ, ആദ്യ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. എന്നാൽ, ഇത് ശ്രീലങ്കൻ ദേശീയ ടീമിലേക്ക് വഴിയൊരുക്കി. കഴിഞ്ഞ രണ്ട് സീസണുകളിലായി ചെന്നൈയുടെ പ്രധാന ബൗളറായി പതിരാന പരിവർത്തനപ്പെട്ടു. 18 മത്സരങ്ങളിൽ 32 വിക്കറ്റാണ് താരം സി.എസ്.കെക്കായി എറിഞ്ഞുവീഴ്ത്തിയത്.   

Tags:    
News Summary - 'Chennai Super Kings was a gift from God'; The Sri Lankan player gave credit to Dhoni and the team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.