മലപ്പുറം: ‘‘കേരളത്തിലെ കുട്ടികളുടെ കായികവളർച്ചയിൽ അഭിമാനം കൊള്ളുന്നവരാണ് സർക്കാറുകൾ. എന്നാൽ, സർക്കാർതലത്തിൽ കുട്ടികളുടെ കായിക ഉന്നമനത്തിനായി എന്തെല്ലാം ചെയ്യുന്നെന്ന് ചോദിച്ചാൽ നിരാശയാണ് ഫലം. ഇവിടത്തെ മക്കളുടെ മികച്ച പ്രകടനങ്ങൾ വരുമ്പോൾ കൈയടിച്ചാൽ മാത്രം പോരാ. അവർക്ക് അതിനുള്ള പിന്തുണ താഴെത്തട്ടിൽനിന്നുതന്നെ നൽകണം’’ -കേരളത്തിലെ പ്രമുഖനായ ഒരു കായിക പരിശീലകൻ ‘മാധ്യമ’ത്തോട് പങ്കുവെച്ച വാക്കുകളാണിത്. ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് സർക്കാർതലത്തിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിലെത്തിയ പരാതികളും കേരളത്തിന്റെ കായികമേഖലയുടെ പരാധീനതകൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു. സ്കൂളുകളിലെ കായികമേഖല പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വിദ്യാർഥികളും രക്ഷിതാക്കളും റാങ്ക് ഹോൾഡേഴ്സും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് പലയിടത്തും നവകേരള സദസ്സിൽ പരാതി നൽകിയത്.
പൊതുവിദ്യാലയങ്ങളിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ ‘ആരോഗ്യ കായിക വിദ്യാഭ്യാസ’ വിഷയത്തിന് പാഠ്യപദ്ധതിയും ആക്ടിവിറ്റി ബുക്കും തിയറി പ്രാക്ടിക്കൽ പരീക്ഷകളുമുണ്ടെങ്കിലും പഠിപ്പിക്കാനാവശ്യമായ കായികാധ്യാപകരെ പലയിടത്തും നിയമിച്ചിട്ടില്ല. പാഠ്യപദ്ധതിയും പരീക്ഷയും പ്രാവർത്തികമാക്കാൻ അധ്യാപക നിയമനം നടത്താതെ, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിക്കില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സംസ്ഥാനത്തെ 86 ശതമാനം യു.പി സ്കൂളുകളിലും 45 ശതമാനം ഹൈസ്കൂളുകളിലും, 100 ശതമാനം എൽ.പി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും കായികാധ്യാപക തസ്തികയില്ല. കുട്ടികളുടെ തലയെണ്ണൽ കഴിഞ്ഞ് സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയായതോടെ നിലവിലുള്ള കായികാധ്യാപക തസ്തികകൾ പോലും നഷ്ടപ്പെട്ടു. തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ കഴിഞ്ഞ ആഗസ്റ്റിൽ മറ്റു വിദ്യാലയങ്ങളിലേക്ക് പുനർവിന്യസിച്ചതോടെ നിലവിൽ കായിക വിദ്യാഭ്യാസം ലഭിച്ചിരുന്ന കുട്ടികൾക്കും അതും നഷ്ടമായി.
കഴിഞ്ഞവർഷം സർക്കാർ സ്കൂളുകളിൽനിന്ന് വിരമിച്ച കായികാധ്യാപകർക്ക് പകരം പി.എസ്.സി മുഖേന നിയമനവും നടന്നിട്ടില്ല. സബ് ജൂനിയർ വിഭാഗം മത്സരങ്ങളും പുതിയ 20 ഗെയിമുകളുമടക്കം 38 ഗെയിംസ് മത്സരങ്ങളാണ് സ്കൂൾതലം മുതൽ സ്പോട്സ് മാന്വൽ പ്രകാരം നടക്കുന്നത്. ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകം സമയബന്ധിതമായി പഠിപ്പിച്ച് തീർക്കാനും മേളകൾക്ക് കായിക താരങ്ങൾക്കാവശ്യമായ പരിശീലനം ഉറപ്പുവരുത്താനും ബാലാവകാശ കമീഷനടക്കം പലതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.