മലപ്പുറം: പേമാരി പെയ്തിറങ്ങിയ പുലർവേളയിൽ ആരാധകരെ കോരിത്തണിപ്പിച്ച് അർജന്റീനക്ക് വീണ്ടുമൊരു കോപ്പ കിരീടം. ശക്തരായ കൊളംബിയൻ ആക്രമണത്തെ പ്രതിരോധിച്ച് നിർണായക സമയത്ത് വല കുലുക്കിയാണ് നീലപ്പട കോപ്പയും ആരാധകരുടെ മനസ്സും കീഴടക്കിയത്. ലോകപ്പിന് പിന്നാലെ വീണ്ടുമൊരു വിശ്വകിരീടം ചൂടിയ അർജന്റീനയുടെ പ്രകടനത്തിൽ ആഹ്ലാദ തിമിർപ്പിലാണ് മലപ്പുറത്തെ ആരാധകരും.
ബ്രസീലുമായി ഫൈനൽ സ്വപ്നം കണ്ടിരുന്നെങ്കിലും എതിരാളികൾ കൊളംബിയ ആയത് കളിയുടെ ആവേശം കെടുത്തിയില്ല. അർജന്റീനിയൻ ആരാധകർ മെസ്സിപ്പടയുടെ കിരീടനേട്ടം പകലന്തിയോളം ആസ്വാദിച്ചു. കളിക്കിടെ പരിക്കേറ്റ് സങ്കടക്കണ്ണീരോടെ മടങ്ങിയ പ്രിയതാരം മെസ്സിയുടെ അഭാവം ആരാധകരെ നിരാശരാക്കിയെങ്കിലും അവസാനലാപ്പിൽ ലൗറ്റാരോ മാർട്ടിനെസ് എതിർവല കുലുക്കിയപ്പോൾ അതൊരു സന്തോഷക്കണ്ണീരായി മാറി.
ലോക കിരീടശേഷം ഒന്നരവർഷം പിന്നിടുമ്പോൾ വീണ്ടുമൊരു കോപ്പ കിരീടം കൂടി അർജന്റീനയുടെ ഷോക്കേസിലെത്തി. 2021 കോപ്പയിൽ സാക്ഷാൽ ബ്രസീലിനെയാണ് പരാജയപ്പെടുത്തിയതെങ്കിൽ ഇക്കുറി കൊളംബിയയാണ് നീലപ്പടയുടെ കളിച്ചൂടറിഞ്ഞത്. ലോകകപ്പിൽ ഫ്രാൻസിനെ തകർത്ത് ആരാധകരുടെ ഇടനെഞ്ചിൽ സ്ഥാനമുറപ്പിച്ച അർജന്റീനക്ക് തുടർച്ചായ രണ്ട് കോപ്പ കിരീടങ്ങൾ കൂടി കിട്ടിയപ്പോൾ ലഭിച്ചത് അപൂർവ നേട്ടമാണ്. വിശ്വകിരീടത്തിന്റെ നെറുകയിൽനിന്ന് വീണ്ടുമൊരും സൂപ്പർ കിരീടം ചൂടി അർജന്റീന ഫുട്ബാൾ ടീം അഭിമാനത്തിന്റെ മുന്നേറ്റ നിരയിലാണ്.
മൂന്ന് വർഷത്തിനിടെ മൂന്ന് ‘ലോക’ കിരീടങ്ങൾ. 2022ൽ ലോകപ്പും 2021ലും 2024ലും കോപ്പ അമേരിക്കയും. അർജന്റീനിയൻ ആരാധകർക്ക് മതിമറന്ന് സന്തോഷിക്കാൻ ഇനിയെന്ത് വേണം. ഖത്തറിൽ വിശ്വകിരീടം മുത്തമിട്ടതിന് പിന്നാലെയാണ് തുടർച്ചയായി കോപ്പ ജേതാക്കളായി അർജന്റീന കരുത്തുതെളിയിച്ചത്. ലോക ഫുട്ബാളിലെ കനകകിരീടം ഉൾപ്പെടെ എല്ലാം സ്വന്തം കാൽക്കീഴിലാക്കി മെസ്സിയും കൂട്ടരും പുഞ്ചിരിക്കുമ്പോൾ മലപ്പുറത്തെങ്ങും അർജന്റീനൻ ആരാധകരുടെ ആവേശമായിരുന്നു.
ജില്ലയിലെ പലയിടത്തും ആവേശം അണപ്പൊട്ടി ഒഴുകി. ടി.വിയിൽ സംപ്രേഷണം ഇല്ലാത്തത് ആരാധകരെ നിരാശരാക്കിയിരുന്നെങ്കിലും പല മാർഗത്തിലൂടെ മത്സരം വീക്ഷിക്കാൻ ആരാധകർ വെമ്പൽകൊണ്ടു. പലഭാഗത്തും അർജന്റീനൻ ആരാധകരുടെ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. അർജന്റീനയുടെ പതാകയും ജഴ്സിയുമായി പടക്കം പൊട്ടിച്ചും മധുരപലഹാരവും വിതരണം ചെയ്തും സന്തോഷ നിമിഷങ്ങൾ അവർ ആഘോഷിച്ചു.
യൂറോകപ്പും കോപ്പയും രാവിലും പകലിലും ഫുട്ബാൾ വസന്തം തീർത്തപ്പോൾ, മലപ്പുറത്തെ ഫുട്ബാൾ ആരാധകർക്ക് ഇന്നലെ ആവേശ രാവായി. ലോക ഫുട്ബാൾ സൗന്ദര്യത്തിന്റെ എല്ലാ സുവർണ നിമഷങ്ങളും അഴിഞ്ഞാടിയ യൂറോ കപ്പ് ഫൈനൽ കാണാൺ ഉറക്കമൊഴിഞ്ഞിരുന്നത് പതിനായിരങ്ങളാണ്. ക്ലബുകളുടെ കീഴിലും കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു.
സ്പെയിൻ ടീമിന്റെ ആരാധകർക്കൊപ്പം എല്ലാ ഫുട്ബാൾ ഫുട്ബാൾ പ്രേമികളും യൂറോ ഫൈനൽ പോരാട്ടം കണ്ട് മനം നിറഞ്ഞു. ഓരോ മികച്ച നീക്കത്തിനും ആവേശംനിറഞ്ഞ പിന്തുണ നൽകിയാണ് ആരാധകർ കളി കണ്ടത്. ബ്രസീൽ, അർജന്റീന ടീമുകൾക്ക് പിന്നാലെ ജില്ലയിൽ കുടുതൽ ആരാധകരുള്ള ടീമുകളാണ് സ്പെയിനും ഇംഗ്ലണ്ടും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരാധകർ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ടീമിന്റെ വിജയം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.