േഫ്ലാറിഡ: കോപ അമേരിക്ക കിരീടപ്പോരിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയും ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയും തമ്മിലുള്ള മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിതം. ഫൈനൽ അരങ്ങേറിയ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കാണികൾ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.
ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് ഒരുപടി മുന്നിൽനിന്നത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അർജന്റീന എതിർ ഗോൾമുഖത്ത് ഭീതി വിതച്ചു. വലതു വിങ്ങിൽനിന്ന് മോണ്ടിയേൽ നൽകിയ ക്രോസ് അൽവാരസ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്കായിരുന്നു. ആറാം മിനിറ്റിലാണ് കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടത്. എന്നാൽ, ലൂയിസ് ഡയസിന്റെ ലോങ് ഷോട്ട് എമിലിയാനോ മാർട്ടിനസ് അനായാസം കൈയിലൊതുക്കി. തുടർന്നും അർജന്റീന ബോക്സിലേക്ക് പലതവണ കൊളംബിയൻ താരങ്ങൾ ഇരച്ചുകയറി. ഇതിനിടെ കൊർദോബയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്നാണ് പുറത്തുപോയത്. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീന പ്രതിരോധനിരയിൽ ഭീതിവിതച്ചു.
20ാം മിനിറ്റിൽ അർജന്റീനയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഡി മരിയയുടെ ഡ്രൈവിൽനിന്ന് മെസ്സി പോസ്റ്റിന് നേരെ ഷോട്ടുതിർത്തെങ്കിലും അർജന്റീന താരത്തിന്റെ കാലിൽതട്ടി പുറത്തായി. 33ാം മിനിറ്റിൽ കൊളംബിയ അക്കൗണ്ട് തുറന്നെന്ന് തോന്നിച്ചു. എന്നാൽ, ജെഫേഴ്സൺ ലെർമയുടെ ഉശിരൻ ലോങ് റേഞ്ചർ എമിലിയാനോ മാർട്ടിനസ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. ഉടൻ അർജന്റീന താരങ്ങളുടെ കൂട്ടമായ മുന്നേറ്റത്തിനൊടുവിൽ മെസ്സി പരിക്കേറ്റ് വീണത് ആശങ്ക പരത്തി. ബോക്സിലേക്ക് ക്രോസ് നൽകാനുള്ള മെസ്സിയുടെ നീക്കം തടയാനുള്ള സാന്റിയാഗോ ആരിയാസിന്റെ ശ്രമത്തിൽ ചവിട്ടേറ്റ മെസ്സി വേദനയിൽ പുളഞ്ഞു. ആശങ്കക്കൊടുവിൽ താരം കളത്തിൽ തുടർന്നത് അർജന്റീന ക്യാമ്പിന് ആശ്വാസമായി. ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ അർജന്റീനക്ക് ബോക്സിനരികെ ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ആദ്യപകുതിയിൽ കൊളംബിയ എട്ട് ഷോട്ടുകളുതിർത്തപ്പോൾ നാലും അർജന്റീന വലക്ക് നേരെയായിരുന്നു. എന്നാൽ, അർജന്റീനയുടെ ഷോട്ടുകൾ മൂന്നിലൊതുങ്ങി. ഇതിൽ ഒന്ന് മാത്രമാണ് വലക്ക് നേരെ നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.