കിരീട ഫേവറൈറ്റുകളിലൊന്നായ പാകിസ്താന്‍റെ ലോകകപ്പിലെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുകയാണ്. ആദ്യരണ്ടു മത്സരങ്ങളും ജയിച്ച് വലിയ പ്രതീക്ഷ നൽകിയ ബാബർ അസമും സംഘവും തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഇന്ത്യ, ആസ്ട്രേലിയ ടീമുകളോടായിരുന്നു പരാജയം. ഇന്ത്യക്കെതിരെ ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റിന് 155 റൺസെടുത്ത ഭേദപ്പെട്ട നിലയിലുണ്ടായിരുന്ന പാകിസ്താൻ, 36 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള എട്ടു വിക്കറ്റുകൾ കളഞ്ഞുകുളിക്കുകയായിരുന്നു. ടീമിന് 200 കടക്കാൻ പോലും കഴിഞ്ഞില്ല. രോഹിത് ശർമയുടെ (63 പന്തിൽ 86) തകർപ്പൻ അർധ സെഞ്ച്വറിയുടെ ബലത്തിൽ 30.3 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
എന്നാൽ, അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികളുടെ പെരുമാറ്റം പലപ്പോഴും അതിരുവിട്ടുരുന്നു. ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ മുഴക്കിയ കാണികൾ, പലപ്പോഴും പാക് താരങ്ങളെ കളിയാക്കുകയും ചെയ്തു. മത്സരശേഷം പാക് ക്രിക്കറ്റ് ഡയറക്ടർ മിക്കി ആർതർ സംഘാടനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. കാണികളുടെ പെരുമാറ്റത്തിൽ ഐ.സി.സിക്ക് പാകിസ്താൻ പരാതിയും നൽകി.
സമ്മർദം കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് വരരുതെന്നാണ് 2011 ലോകപ്പ് വിജയിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത് ഇതിനോട് പ്രതികരിച്ചത്. ‘നിങ്ങൾ നന്നായി കളിച്ചാൽ കാണികൾ അഭിനന്ദിക്കും. മോശം പ്രകടനമാണെങ്കിൽ വിമർശിക്കപ്പെടും. ടീമെന്ന നിലയിൽ രണ്ടും നേരിടാൻ തയാറാകണം. സമ്മർദം കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് വരരുത്. മടങ്ങി പോകു. നിങ്ങൾ അങ്ങനെയാണ് കളിക്കുന്നത്’ -ശ്രീശാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പാകിസ്താൻ നിലവിൽ പോയന്‍റ് ടേബ്ളിൽ അഞ്ചാം സ്ഥാനത്താണ്. തിങ്കളാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താനെതിരെയാണ് ടീമിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.