ചെന്നൈ: നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 49 ഓവറിൽ 269 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇരു ടീമും ഓരോ ജയവുമായി ഒപ്പം നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാനാകും.
47 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും നൽകിയത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് ആദ്യ പത്തോവറിൽ 61 റൺസാണ് അടിച്ചെടുത്തത്. 11ാം ഓവറിലെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ ഹെഡിനെ മടക്കി. 31 പന്തിൽ നിന്ന് 33 റൺസെടുത്ത ഹെഡ് കുൽദീപ് യാദവിന് ക്യാച്ച് നൽകി മടങ്ങി.
അതേ ഓവറിൽ ഹെഡിനെ പുറത്താക്കാനുള്ള അവസരം ശുഭ്മൻ ഗിൽ പാഴാക്കിയിരുന്നു അക്കൗണ്ട് തുറക്കുംമുമ്പേ സ്മിത്തിനെയും ഹാർദിക് മടക്കി. മൂന്ന് പന്തിൽനിന്ന് റണ്ണൊന്നും എടുക്കാതെ വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകിയാണ് സ്മിത്ത് പുറത്തായത്. ഡേവിഡ് വാർണറെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് ടീമിന്‍റെ സ്കോർ ഉയർത്തുന്നതിനിടെ ഹാർദിക് വീണ്ടും രക്ഷകനായി. 47 പന്തിൽനിന്ന് 47 റൺസെടുത്താണ് മാർഷ് പുറത്തായത്. ബാറ്റിലുരസി പന്ത് വിക്കറ്റിൽ പതിക്കുകയായിരുന്നു. 31 പന്തിൽ 23 റൺസെടുത്ത ഡേവിഡ് വാർണറെയും 45 പന്തിൽ 28 റൺസെടുത്ത മാർനസ് ലാബുഷാഗ്നെയെയും കുൽദീപ് യാദവ് പുറത്താക്കി.
ഇതോടെ സന്ദർശകർ അഞ്ച് വിക്കറ്റിന് 138 റൺസ് എന്ന നിലയിലേക്ക് വീണു. പിന്നാലെ മാർക്കസ് സ്റ്റോയിനിസ് അക്സർ പട്ടേൽ മടക്കി. 26 പന്തിൽ 25 റൺസെടുത്ത താരം ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. 46 പന്തിൽ 38 റൺസെടുത്ത അലക്സ് കാരിയെ കുൽദീപ് ക്ലീൻ ബൗൾഡാക്കി. സീൻ അബോട്ട് (23 പന്തിൽ 26 റൺസ്), ആഷ്ടൺ അഗർ (21 പന്തിൽ 17 റൺസ്), മിച്ചൽ സ്റ്റാർക് (11 പന്തിൽ 10 റൺസ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
11 പന്തിൽ 10 റൺസെടുത്ത ആദം സാംബ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.