ചെന്നൈ: നടൻ രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രവും വിഡിയോയും പങ്കുവെച്ച് സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏഴാം വയസ്സ് മുതൽ അദ്ദേഹത്തിന്റെ ആരാധകനായ താൻ ഒരിക്കൽ അദ്ദേഹത്തെ വീട്ടിൽ പോയി കാണുമെന്ന് രക്ഷിതാക്കളോട് പറഞ്ഞിരുന്നെന്നും 21 വര്‍ഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ക്ഷണത്തോടെ ആ ദിവസം വന്നെത്തിയിരിക്കുന്നുവെന്നും സഞ്ജു പ്രതികരിച്ചു.
‘‘ഏഴാം വയസ്സിൽ തന്നെ ഞാനൊരു സൂപ്പർ രജനി ഫാനായിരുന്നു. ഒരിക്കൽ ഞാൻ രജനി സാറിനെ വീട്ടിൽ പോയി കാണുമെന്ന് എന്റെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. 21 വര്‍ഷങ്ങൾക്ക് ശേഷം തലൈവരുടെ ക്ഷണത്തോടെ ആ ദിവസം വന്നെത്തിയിരിക്കുന്നു’’– സഞ്ജു സാംസൺ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രവും വിഡിയോയും സഞ്ജു ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന കുറിപ്പോടെയാണ് അന്ന് കറുത്ത വസ്ത്രമണിഞ്ഞുള്ള വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
ജനുവരിയിൽ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി അവസാനമായി കളിച്ചത്. അവിടെനിന്ന് പരിക്കേറ്റ താരം പിന്നീട് ടീമിൽനിന്ന് പുറത്തായി. പിന്നീട് ദേശീയ ടീമിലേക്ക് വിളി വന്നിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനുള്ള ഒരുക്കങ്ങളിലാണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായ സഞ്ജുവിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.