1983ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഐ.സി.സി ലോകകപ്പ് ഫൈനലില്‍ കപില്‍ദേവിന്റെ ഇന്ത്യ കിരീട ഫേവറിറ്റുകളായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചത് ഇന്നും അത്ഭുതമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് ജേതാക്കളായത് അന്നാണ്. കപിലിന്റെ ചെകുത്താന്‍മാര്‍ എന്നാണ് ആ വിജയത്തിന് ശേഷം കിരീട ജേതാക്കളായ ഇന്ത്യന്‍ ടീമിനെ വിശേഷിപ്പിച്ചത്.
അന്നത്തെ മത്സരത്തിലൊരു പ്രത്യേകതയുണ്ടായിരുന്നു. വിന്‍ഡീസിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. ഇംഗ്ലണ്ടില്‍ ആദ്യമായിട്ടായിരുന്നു ഇന്ത്യയുടെ പേസര്‍മാര്‍ ഒരു മത്സരത്തിലെ എല്ലാ വിക്കറ്റുകളും പങ്കിട്ടത്. അതിന് ശേഷം, സമാനമായ ഫാസ്റ്റ് ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീം നടത്തിയത് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍. ഓവലില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ആറ് വിക്കറ്റുകള്‍ കൊയ്തപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. ബുംറ 7.2 ഓവറില്‍ 19 റണ്‍സിനാണ് ആറ് വിക്കറ്റിളക്കിയത്. ഇതില്‍ മൂന്ന് മെയ്ഡനുള്‍പ്പെടുന്നു.
39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ 183 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ വിന്‍ഡീസ് അനായാസ ജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷേ, ക്യാപ്റ്റന്‍ കപില്‍ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, മദന്‍ലാല്‍, ബല്‍വീന്ദര്‍ സിങ് സന്ധു, റോജര്‍ ബിന്നി എന്നീ പേസര്‍മാരുടെ മികവില്‍ ഇന്ത്യ 140 റണ്‍സിന് വിന്‍ഡീസിനെ എറിഞ്ഞിട്ടു. 43 റണ്‍സിന്റെ അവിശ്വസനീയ ജയം. 33 റണ്‍സെടുത്ത വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നു ടോപ് സ്‌കോറര്‍.
മൊഹീന്ദര്‍ അമര്‍നാഥും മദന്‍ ലാലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബല്‍വീന്ദറിന് രണ്ട് വിക്കറ്റ് വിക്കറ്റ്. കപിലും ബിന്നിയും ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.