ക്രിക്കറ്റിന്‍റെ മറ്റു ഫോർമാറ്റുകളിൽനിന്ന് വ്യത്യസ്തമായി ട്വന്‍റി20യിൽ മിന്നിതിളങ്ങാൻ താരങ്ങൾക്ക് പ്രത്യേക കഴിവുതന്നെ വേണം.
ട്വന്‍റി20യിലെ ഏറ്റവും മികച്ച താരമാരെന്ന ചർച്ചയിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന പേരുകളിലൊന്ന് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എബി ഡിവില്ലിയേഴ്സാകും. ഷോട്ട് ഉതിർക്കുന്നതിലുള്ള അനായാസതയും സാങ്കേതിക തികവുമാണ് കുട്ടി ക്രിക്കറ്റിൽ മറ്റാരേക്കാളും ഡിവില്ലിയേഴ്സിനെ ഒരുപടി മുകളിൽ നിർത്തുന്നത്.
ദേശീയ ടീമിനാണെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലാണെങ്കിലും താരം നടത്തിയ തകർപ്പൻ പ്രകടനങ്ങൾ ക്രിക്കറ്റ് ചരിത്രത്തിൽ എന്നും ഓർത്തിരിക്കുന്നതാണ്. ട്വന്‍റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി ഡിവില്ലിയേഴ്സിനെ ഉയർത്തിക്കാട്ടുന്നവരും ഏറെയാണ്. എന്നാൽ, താരത്തിന്‍റെ എക്കാലത്തെയും മികച്ച ട്വന്‍റി20 ക്രിക്കറ്റർ അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാനാണ്. റാഷിദിന്റെ ഓൾറൗണ്ട് കഴിവുകളും ധീരതയുമാണ് അദ്ദേഹത്തെ ട്വന്‍റി20 ഫോർമാറ്റിലെ ഏറ്റവും മികച്ച കളിക്കാരനാക്കിയതെന്ന് ഡിവില്ലിയേഴ്സ് പറയുന്നു.
‘എന്റെ എക്കാലത്തെയും മികച്ച ട്വന്‍റി20 താരം മറ്റാരുമല്ല, റാഷിദ് ഖാനാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാനാകുന്ന താരം. രണ്ടിലും മാച്ച് വിന്നർ; ഊർജസ്വലനായ ഫീൽഡർ, ധീര ഹൃദയമുള്ളവൻ. അവൻ എപ്പോഴും ജയിക്കാൻ ആഗ്രഹിക്കുന്നു; അവൻ വളരെ മത്സരബുദ്ധിയുള്ളവനാണ്, ഏറ്റവും മികച്ച ട്വന്‍റി20 കളിക്കാരിൽ ഒരാളായി അവൻ അവിടെയുണ്ട്. മികച്ച ഒന്നല്ല, മികച്ചത്’ -ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.