അവസാന രണ്ടു വർഷം കളിച്ചത് പരിക്കേറ്റ നേത്രപടലം കൊണ്ട്; വലതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുകയാണെന്നും ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റർമാരിൽ ഒരാളായി എണ്ണപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്. ബൗളർമാരുടെ പേടി സ്വപ്നമായ ഈ വെടിക്കെട്ട് ബാറ്റർക്ക്, മൈതാനത്ത് 360 ഡിഗ്രിയിലും ഷോട്ട് പായിക്കാനുള്ള കഴിവുണ്ടായിരുന്നു.

കരിയറിന്‍റെ അവസാന നാളുകളിൽ താരം ബാറ്റിങ്ങിൽ കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്. എന്നാൽ, താരം പരിക്കേറ്റ വലതു കണ്ണുമായാണ് ഈ നാളുകളിൽ ബാറ്റുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയതെന്ന കാര്യം ഭൂരിഭാഗം പേർക്കും അറിയില്ലായിരുന്നു. കഴിഞ്ഞദിവസം ഒരു അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് വലതു കണ്ണിലെ നേത്രപടലം വർഷങ്ങളായി തകരാറിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.

‘ഇളയ മകൻ അബദ്ധത്തിൽ കൈകൊണ്ട് കണ്ണിൽ കുത്തുകയായിരുന്നു. വലത് കണ്ണിന്റെ കാഴ്ച ശരിക്കും നഷ്ടപ്പെട്ടു തുടങ്ങി’ -ഡിവില്ലിയേഴ്സ് പറഞ്ഞു. നിങ്ങൾ എങ്ങനെയാണ് ഈ കണ്ണുമായി ക്രിക്കറ്റ് കളിക്കുന്നതെന്ന് ശസ്ത്രക്രിയക്കുശേഷം ഡോക്ടർ ചോദിച്ചിരുന്നു. കരിയറിലെ അവസാന രണ്ട് വർഷമായി ഇടത് കണ്ണ് എനിക്കുവേണ്ടി മാന്യമായി ജോലി ചെയ്യുന്നുണ്ടെന്നാണ് താരം അതിന് മറുപടി നൽകിയത്.

വിരമിച്ചതിനുശേഷം എന്തുകൊണ്ട് ഒരിക്കൽകൂടി ടീമിലേക്ക് മടങ്ങിവന്നില്ലെന്ന ചോദ്യത്തോടും 39കാരനായ താരം പ്രതികരിച്ചു. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളും ദക്ഷിണാഫ്രിക്കൻ സ്ക്വാഡിലെ വ്യത്യസ്ത ടീം സാഹചര്യങ്ങളുമാണ് തന്നെ വീണ്ടുമൊരു മടങ്ങിവരവിന് പ്രേരിപ്പിക്കാതിരുന്നതെന്ന് താരം വ്യക്തമാക്കി.

Tags:    
News Summary - AB De Villiers Says He Played Last 2 Years Of His Career With Damaged Retina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.