മുംബൈ: എ.ബി ഡിവില്ലിയേഴ്സ് വിരമിച്ച ഒഴിവിൽ വീണുകിട്ടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫിനിഷർ റോളിൽ ദിനേഷ് കാർത്തിക്ക് ആറാടുകയാണ്. ആർ.സി.ബി ഫിനിഷറുടെ റോളിൽ ഡി.കെ തിളങ്ങുന്നത് കണ്ട് ഡിവില്ലിയേഴ്സ് അഭിമാനിക്കുന്നുണ്ടാകുമെന്നാണ് ആർ.സി.ബി മുൻ നായകൻ വിരാട് കോഹ്‍ലി അഭിപ്രായപ്പെടുന്നത്. ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ.സി.ബിക്കായി ആറുമത്സരങ്ങളിൽ നിന്ന് 200 മുകളിൽ പ്രഹരശേഷിയിൽ 197 റൺസ് അടിച്ചുകൂട്ടിയ കാർത്തിക്കിന്റെ പ്രകടനം കണ്ട് മൂക്കത്ത് വിരൽവെക്കുന്നത് മുൻ ടീമായ കൊൽക്കത്ത നൈറ്റ്റെഡേഴ്സാണ്.
ഡൽഹി ക്യാപിറ്റൽസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ കാർത്തിക്ക് ആർ.സി.ബി ബാറ്റിങ് നിരക്ക് കരുത്തായിരുന്നു. കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ 189 റൺസ് ചേർത്ത ബാംഗ്ലൂർ മത്സരത്തിൽ 16 റൺസിന് വിജയിക്കുകയും ചെയ്തു. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാന്റെ ഒരോവറിൽ 28 റൺസടിച്ച് ഡി.കെ ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷർ താനാണെന്ന് അടിവരയിടുകയായിരുന്നു. മത്സര ശേഷം ഐ.പി.എൽ വെബ്സൈറ്റിനായി ഡി.കെയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു കോഹ്‍ലിയുടെ പരാമർശം.
2021 സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 223 റൺസ് മാത്രം സ്കോർ ചെയ്ത കാർത്തിക്കിനെ കൊൽക്കത്ത കൈവിട്ടിരുന്നു. എന്നാൽ തമിഴ്നാട് ബാറ്റ്സ്മാനിൽ വിശ്വാസമർപ്പിച്ച ആർ.സി.ബി മാനേജ്മെന്റ് 5.5 കോടി രൂപ മുടക്കി താരത്തെ വാങ്ങി. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ കയറിപ്പറ്റുകയായിരുന്നു താരത്തിന്റെ ലക്ഷ്യം.
ആർ.സി.ബിയിലെത്തിയതിന് പിന്നാലെ താന്നെ വിളിച്ച കോച്ച് സഞ്ജയ് ബംഗാർ ഡിവില്ലിയേഴ്സനിന് പകരം ടീമിലെ ഫിനിഷറുടെ റോൾ ഏറ്റെടുക്കേണ്ടി വരുമെന്ന് അറിയിച്ചതായി കാർത്തിക്ക് കോഹ്‍ലിയോട് പറഞ്ഞു.
'ആർ.സി.ബിക്ക് വേണ്ടി വളരെ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതായിരുന്നു ലക്ഷ്യം. ടീമിന്റെ ബാക്ക്‌റൂം സ്റ്റാഫിനാണ് എല്ലാ ക്രെഡിറ്റും. ഡി.കെ നിങ്ങൾ ഫിനിഷറുടെ റോൾ ചെയ്യണമെന്നാണ് ലേലത്തിലെടുത്ത ദിവസം സഞ്ജയ് ഭായ് (ബംഗാർ) എന്നെ വിളിച്ച് പറഞ്ഞത്. ഞങ്ങൾക്ക് എബിയെ നഷ്ടമായി. അവന് പകരക്കാരനെ കണ്ടെത്തൽ എളുപ്പമല്ല. ആ റോൾ ചെയ്യാൻ ഞങ്ങൾക്ക് 2-3 കളിക്കാർ വേണം. അവൻ അത്ര മിടുക്കനാണ്'-കാർത്തിക്ക് പറഞ്ഞു.
ആർ.സി.ബിക്കായി ബാറ്റുകൊണ്ട് ഡി.കെ നൽകുന്ന സംഭാവനകൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കോഹ്‍ലി പറഞ്ഞു. 'നിങ്ങൾ എബിയെ കുറിച്ച് പറഞ്ഞു. പ്രിട്ടോറിയയിൽ വീട്ടിലിരുന്ന് നിങ്ങൾ ഞങ്ങൾക്കായി കളികൾ ജയിപ്പിക്കുന്നത് കാണുമ്പോൾ എബി വളരെ അഭിമാനിക്കുമെന്ന് ഞാൻ കരുതുന്നു'-കോഹ്‍ലി പറഞ്ഞു.
രാജ്യത്തിന് വേണ്ടി കളിക്കണം എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് കാർത്തിക്ക് വ്യക്തമാക്കി. 'ഒരു ലോകകപ്പ് അടുത്തുണ്ടെന്ന് എനിക്കറിയാം. ആ ലോകകപ്പിന്റെ ഭാഗമാകാനും ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഒരു മൾട്ടി നാഷനൽ ടൂർണമെന്റ് ജയിച്ചിട്ട് ഒരുപാട് നാളുകളായി. അതിന് ഇന്ത്യയെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി, നിങ്ങൾ ഒരുപാട് കാര്യങ്ങളെ കുറിച്ച് ബോധവാനായിരിക്കണം. ഇവൻ ആളൊരു 'സ്‍പെഷ്യൽ' ആണെന്ന തോന്നൽ ആളുകളിൽ വരുത്തണം'-കാർത്തിക്ക് ഉള്ളുതുറന്നു.
രണ്ട് അവസരങ്ങളിൽ ആർ.സി.ബിയുടെ ഫിനിഷറുടെ റോൾ ഭംഗിയായി നിർവഹിച്ച കാർത്തിക്ക് മാരക ഫോമിലാണ്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലേക്ക് കടുത്ത മത്സരം നടക്കുകയാണെങ്കിലും പ്രകടന മികവുകളിലൂടെ കാർത്തിക്ക് ഇപ്പോഴും സെലക്ടർമാരുടെ വാതിലുകളിൽ മുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.