അഭിഷേക് ശർമ സിംബാബ്‌വെക്കെതിരെ സെഞ്ച്വറി നേടിയ ശേഷം

50ൽനിന്ന് 100ൽ എത്താൻ വേണ്ടിവന്നത് 13 പന്ത്..! സെഞ്ച്വറി നേടാൻ അഭിഷേക് ഉപയോഗിച്ചത് മറ്റൊരാളുടെ ബാറ്റ്

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ 100 റൺസിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തി‍യ 235 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ, 134ന് പുറത്തായി. ആദ്യ മത്സരത്തിലേറ്റ 13 റൺസിന്‍റെ തോൽവിക്ക് കരുത്തുറ്റ മറുപടിയാണ് ഇന്ത്യ നൽകിയത്. ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയ അഭിഷേക് ശർമ, കഴിഞ്ഞ ദിവസം സെഞ്ചറി നേടി ഇന്ത്യയുടെ വിജയശില്പിയായി.

33 പന്തിൽ അർധ സെഞ്ചറിയിലെത്തിയ അഭിഷേകിന് 100 തികക്കാൻ പിന്നീട് വേണ്ടിവന്നത് കേവലം 13 പന്തുകൾ മാത്രം. വ്യക്തിഗത സ്കോർ 82ൽ നിൽക്കെ തുടരെ മൂന്ന് സിക്സറുകൾ പായിച്ചാണ് അഭിഷേക് കന്നി സെഞ്ച്വറി നേടിയത്. അവസാനം നേരിട്ട 16 പന്തുകളിൽ പത്തും അതിർത്തി കന്നു. ഇതിൽ ആറും സിക്സറുകളായിരുന്നു. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിങ്സ്. സെഞ്ച്വറി നേടി തൊട്ടടുത്ത പന്തിൽ മയേഴ്സിന് ക്യാച്ച് നൽകി താരം പുറത്തായി.

ഇന്നിങ്സിന്‍റെ അടിസ്ഥാനത്തിൽ, രാജ്യാന്തര ട്വന്‍റി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ചറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തം പേരിൽ എഴുതിച്ചേർത്തു. രണ്ടാമത്തെ മാത്രം ഇന്നിങ്സിലാണ് താരം ആദ്യ ശതകം കണ്ടെത്തിയത്. ട്വന്‍റി20 മത്സരങ്ങളിൽ ഈ വർഷം ഏറ്റവുമധികം സിക്സർ നേടുന്ന ഇന്ത്യൻ താരമാകാനും അഭിഷേകിനായി (50). 46 സിക്സറുകൾ നേടിയ രോഹിത് ശർമയെയാണ് പിന്നിലാക്കിയത്.

ഇതിനിടെ, മത്സരത്തിൽ താൻ ഉപയോഗിച്ചത് സ്വന്തം ബാറ്റല്ലെന്നും അഭിഷേക് വെളിപ്പെടുത്തി. തന്‍റെ ബാല്യകാല സുഹൃത്തും നിലവിൽ ക്യാപ്റ്റനുമായ ശുഭ്മൻ ഗില്ലിന്‍റെ ബാറ്റ് ഉപയോഗിച്ചാണ് സിംബാബ്‌വെക്കെതിരെ താരം സെഞ്ച്വറി നേടിയത്. അണ്ടർ-12 മത്സരങ്ങൾ മുതൽ ഒരുമിച്ച് കളിക്കുന്ന തങ്ങളുടെ സൗഹൃദം ഏറെ ആഴത്തിലുള്ളതാണെന്ന് അഭിഷേക് മത്സരശേഷം പറഞ്ഞു. സമ്മർദ ഘട്ടങ്ങളിൽ പലപ്പോഴും ഗില്ലിന്‍റെ ബാറ്റ് ഉപയോഗിക്കാറുണ്ട്. ഐ.പി.എല്ലിൽ ഉൾപ്പെടെ അത്തരത്തിൽ ചെയ്തിട്ടുണ്ട്. സിംബാബ്‌വെക്കെതിരെയും ഗില്ലിന്‍റെ ബാറ്റ് തനിക്ക് തുണയായെന്ന് അഭിഷേക് പറഞ്ഞു.

ഇന്ത്യയുടെ ജയത്തോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ബുധനാഴ്ച നടക്കും. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ തിരിച്ചുവരവ് ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

Tags:    
News Summary - India vs Zimbabwe: Abhishek Sharma Didn't Use His Own Bat, Thanks This Star After T20I Ton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.