തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എൽ) ജയത്തോടെ തുടങ്ങി ഏരീസ് കൊല്ലം സെയ്‍ലേഴ്സ്. അഭിഷേക് നായരുടെ അർധ സെഞ്ച്വറി മികവിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ എട്ടു വിക്കറ്റിനാണ് കൊല്ലം പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന്‍റെ ഇന്നിങ്സ് 105 റണ്‍സിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിൽ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്ലം ലക്ഷ്യത്തിലെത്തി. സ്കോർ: കാലിക്കറ്റ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 104. കൊല്ലം 16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106. കൊല്ലത്തിനായി കെ.എം. ആസിഫ് നാലു ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 37 പന്തിൽ 38 റൺസെടുത്ത കെ.എ. അരുണാണ് കാലിക്കറ്റിന്‍റെ ടോപ് സ്കോറർ.
ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (ആറ്), എം. അജ്‌നാസ് (ഒന്ന്), ലിസ്റ്റന്‍ അഗസ്റ്റിന്‍ (ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. അഭിജിത്ത് പ്രവീണ്‍ (20), സല്‍മാന്‍ നിസാര്‍ (18) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. എന്‍.പി. ബേസില്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നാലു സിക്സും മൂന്നു ഫോറുമടക്കം 47 പന്തിൽ 61 റൺസെടുത്ത് അഭിഷേകാണ് കൊല്ലത്തെ ലക്ഷ്യത്തിലെത്തിച്ചത്. 23 പന്തിൽ 16 റൺസെടുത്ത വത്സൽ ഗോവിന്ദും പുറത്താകാതെ നിന്നു. അരുൺ പൗലോസ് (എട്ടു പന്തിൽ 10), സചിൻ ബേബി (22 പന്തിൽ 19) എന്നിവരാണ് പുറത്തായ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.