തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ ജയം സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. 47 പന്തിൽ ഒമ്പത് സിക്സടക്കം 92 റൺസെടുത്ത നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആലപ്പിക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് ഒരുക്കിയ 162 റൺസ് വിജയലക്ഷ്യം ആലപ്പി 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
കൃഷ്ണപ്രസാദും (ഒന്ന്), അക്ഷയ് ശിവും (മൂന്ന്) വേഗത്തിൽ മടങ്ങിയ ശേഷമായിരുന്നു വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് അസ്ഹറുദ്ദീന്റെ രക്ഷാപ്രവർത്തനം. വിനൂപ് 27 പന്തിൽ 30 റൺസെടുത്തും ആൽഫി ഫ്രാൻസിസ് 12 റൺസെടുത്തും പുറത്തായപ്പോൾ അക്ഷയ് ടി.കെ. 17 പന്തിൽ 18 റൺസുമായും നീൽ സണ്ണി ഒരു റൺസുമായും പുറത്താകാതെനിന്നു.
ടോസ് നേടിയ ആലപ്പി റിപ്പിൾസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മധ്യനിര താരം അക്ഷയ് മനോഹറിന്റെ അർധ സെഞ്ചറിയുെട കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് തൃശൂർ ടൈറ്റൻസിന് നേടാനായത്. അക്ഷയ് 44 പന്തിൽ അഞ്ച് സിക്സറുകളും ഒരു ഫോറുമടക്കം 57 റൺസെടുത്തു.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഓപണര്‍ അഭിഷേക് പ്രതാപ് മടങ്ങിയിരുന്നു. ക്യാപ്റ്റൻ വരുൺ നായനാർ ഒരു റണ്‍സെടുത്തും പുറത്തായി. അക്ഷയ്ക്ക് പുറമെ വിഷ്ണു വിനോദ് (14 പന്തിൽ 22), അഹ്മദ് ഇമ്രാൻ (21 പന്തിൽ 23), അർജുൻ വേണുഗോപാൽ (20 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് തൃശൂർ സ്കോറുയർത്തിയത്. അനസ് നസീറും (12) വൈശാഖ് ചന്ദ്രനും (4) വേഗത്തിൽ മടങ്ങിയപ്പോൾ മൂന്ന് പന്തിൽ രണ്ട് സിക്സടക്കം പി. മിഥുൻ 12 റൺസുമായി പുറത്താകാതെനിന്നു. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്നും ഫാസിൽ ഫനൂസ് രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.
വർണാഭ കൊടിയേറ്റം
ആർപ്പുവിളികളും കൊട്ടും പാട്ടുമായി വർണാഭമായ ആഘോഷപരിപാടികളോടെയായിരുന്നു കേരള ക്രിക്കറ്റിന് ലീഗിന്റെ തുടക്കം. ഔദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിച്ചു. തെയ്യം, ഒപ്പന, കഥകളി, വാൾപ്പയറ്റ്, തിരുവാതിര, മോഹിനിയാട്ടം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളും ഗാനത്തിനൊപ്പം ചുവടുവെച്ചു. കായികകേളിക്ക് കലയുടെ നിറച്ചാര്‍ത്തേകുന്നതായിരുന്നു 60 കലാകാരന്മാർ ചേർന്നൊരുക്കിയ ദൃശ്യവിരുന്ന്
വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ്, കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്മാന് നാസര്‍ മച്ചാന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.