ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം; ട്രിവാൻഡ്രം റോയല്‍സിനെ തകർത്തത് 33 റൺസിന്

തിരുവനന്തപുരം: ആലപ്പി റിപ്പിള്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ആലപ്പി ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രം റോയൽസ് 112 റൺസെടുത്തു പുറത്തായി. ആലപ്പിക്കായി ഫാസിൽ ഫനൂസ്, ആനന്ദ് ജോസഫ് എന്നിവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. 31 പന്തിൽ‍ 45 റൺസെടുത്ത ക്യാപ്റ്റൻ അബ്ദുൽ ബാസിത്താണ് റോയൽസിന്റെ ടോപ് സ്കോറർ.

സ്‌കോര്‍: ആലപ്പി റിപ്പിള്‍സ് 20 ഓവറിൽ എട്ടു വിക്കറ്റിന് 145. ട്രിവാൻഡ്രം റോയല്‍സ് 18.1 ഓവറിൽ 112 റൺസിന് പുറത്ത്. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി. ഇതോടെ ആലപ്പി റിപ്പിള്‍സിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് സ്കോർ ബോർഡ് വീണ്ടും ചലിപ്പിച്ചു.

20 ഓവറില്‍ എട്ടിന് 145 എന്ന സ്‌കോറിന് ആലപ്പിയുടെ ഇന്നിങ്സ് അവസാനിച്ചു. അദാനി ട്രിവാന്‍ട്രം റോയല്‍സിനുവേണ്ടി അഖിന്‍ സത്താറും എം.യു. ഹരികൃഷ്ണനും രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അദാനി ട്രിവാന്‍ട്രം റോയല്‍സിന് ആദ്യ ഓവറിൽ തന്നെ ഫൈസല്‍ ഫാനൂസ് ഇരുട്ടടി നൽകി. റണ്ണെടുക്കും മുമ്പ് വിഷ്ണുരാജിനെയും രോഹൻപ്രേമിനെയും പുറത്താക്കി. ഫാനൂസിനൊപ്പം ആനന്ദ് ജോസഫും ചേർന്നതോടെ 5.5 ഓവറിൽ 19 റൺസിന് അഞ്ച് വിക്കറ്റെന്ന നിലയിലായിരുന്നു റോയൽസ്. തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട ട്രിവാൻഡ്രം റോയൽസിന് ആശ്വാസമായത് എം.എസ്. അഖിലും ക്യാപ്റ്റന്‍ അബ്ദുൽ ബാസിദും ചേര്‍ന്ന് നടത്തിയ ചെറുത്തുനിൽപ്പാണ്.

ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ട്രിവാന്‍ഡ്രത്തിന്‍റെ സ്‌കോറിങ് വേഗത്തിലാക്കി. സ്‌കോര്‍ 89ല്‍ നില്‍ക്കെ 31 പന്തില്‍ 45 റണ്‍സ് നേടിയ അബ്ദുൽ ബാസിദിനെ കിരണ്‍ സാഗര്‍ പുറത്താക്കി. എം.എസ്. അഖിലിനെ (36 പന്തില്‍ 38) ഫനൂസ് ബൗള്‍ഡാക്കിയതോടെ ട്രിവാൻഡ്രം റോയൽസിന്റെ പ്രതീക്ഷ അസ്തമിച്ചു. 18.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ട്. അഖില്‍ ജോസഫും ഫൈസല്‍ ഫാനൂസും നാല് വിക്കറ്റ് വീതം സ്വന്തമാക്കി. ഫൈസല്‍ ഫാനൂസാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പി പരാജയപ്പെടുത്തിയത്.

Tags:    
News Summary - Second win for Alleppey Ripples; Trivandrum defeated Royals by 33 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.