മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായിരുന്ന മഹേന്ദ്ര സിങ് ധോണിക്കും കപിൽ ദേവിനുമെതിരെ കഴിഞ്ഞ ദിവസമാണ് യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ് ആഞ്ഞടിച്ചത്. യുവരാജ് സിങ്ങിന്റെ കരിയർ നേരത്തെ അവസാനിക്കാൻ കാരണം ധോണിയാണെന്നും അവന് നാലോ അഞ്ചോ വർഷം കൂടി കളിക്കാമായിരുന്നെന്നുമായിരുന്നു യോഗ്‌രാജിന്റെ ആരോപണം. യുവരാജ് സിങ്ങിലൂടെ കപിൽദേവിനോട് താൻ പ്രതികാരം ചെയ്തെന്നും യോഗ്‍രാജ് സീ ടി.വി യു-ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. സംഭവം ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചക്കും പ്രതികരണം വഴിയൊരുക്കി. ഇതോടെ പിതാവിന്റെ മാനസിക നിലയെക്കുറിച്ച് കഴിഞ്ഞ വർഷം യുവരാജ് സിങ് നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം നവംബറിലാണ് പിതാവ് മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി യുവരാജ് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചത്. ‘പിതാവിന് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ, അദ്ദേഹം അത് അംഗീകരിക്കാൻ തയാറാകുന്നില്ല. ഈ വിഷയം അദ്ദേഹം പരിഗണിക്കേണ്ടതാണ്’ –യുവരാജ് സിങ് പറഞ്ഞു.
‘എനിക്ക് ധോണിയോട് പൊറുക്കാനാവില്ല. അദ്ദേഹം കണ്ണാടിയിൽ സ്വന്തം മുഖം നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമാണ്. എന്നാൽ, എന്താണ് എന്റെ മകനോട് ചെയ്തത്? എല്ലാം ഇപ്പോൾ പുറത്തുവരുകയാണ്. ജീവിതത്തിലൊരിക്കലും മാപ്പു നൽകാനാവാത്ത കാര്യമാണത്. ധോണി എന്റെ മകന്റെ ജീവിതം തകർത്തു. അവന് നാലോ അഞ്ചോ വർഷം കൂടി കളിക്കാൻ കഴിയുമായിരുന്നു. യുവരാജിനെപ്പോലെ ഒരു മകനെ ജനിപ്പിക്കാൻ ഞാൻ എല്ലാവർക്കും ധൈര്യം നൽകുന്നു. ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ കപിൽ ദേവാണ്. ലോകമാകെ ശപിക്കുന്ന നിലയിലേക്ക് നിങ്ങളെ എത്തിക്കുമെന്ന് ഞാന്‍ കപിൽ ദേവിനോട് പറഞ്ഞിരുന്നു. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. നിങ്ങൾക്ക് ഒരു ലോകകപ്പ് മാത്രമാണുള്ളത്. ചർച്ച അവസാനിച്ചു’ – എന്നിങ്ങനെയായിരുന്നു യോഗ്‍രാജ് സിങ്ങിന്റെ പ്രതികരണം.
ഇന്ത്യൻ ടീമിനായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ച യോഗ്‍രാജ്, തന്നെ ടീമിൽനിന്ന് ഒഴിവാക്കിയതിന് പിന്നിൽ കപിൽദേവാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. യുവരാജ് സിങ്ങിലൂടെ കപിൽ ദേവിനെതിരെ പ്രതികാരം ചെയ്യുകയാണെന്നും യോഗ്‍രാജ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.