രാജ്യത്തോട് മാപ്പ് ചോദിക്കുന്നു...; ടെസ്റ്റ് പരമ്പര തോൽവിക്കു പിന്നാലെ പാകിസ്താൻ നായകൻ

റാവൽപിണ്ടി: സ്വന്തം മണ്ണിൽ ബംഗ്ലാദേശിനു മുന്നിൽ ആദ്യമായി ടെസ്റ്റ് പരമ്പര അടിയറവെച്ചതിനു പിന്നാലെ രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിച്ച് പാകിസ്താൻ നായകൻ ഷാൻ മസൂദ്. രണ്ടാമത്തെ ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് പാകിസ്താൻ തോൽവി വഴങ്ങിയത്. 185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് ജയവുമായി ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ടെസ്റ്റ് ജയം സ്വന്തമാക്കിയ ബംഗ്ലാദേശുകാർ രണ്ടാം ടെസ്റ്റിലും ജയം പിടിച്ചെടുത്ത് പരമ്പരയും നേടി. ഇതിനു മുമ്പ് 2009ൽ വെസ്റ്റിൻഡീസിനെതിരെ മാത്രമാണ് വിദേശത്ത് ബംഗ്ലാദേശിന് ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായത്. സ്വന്തം മണ്ണിൽ അവസാനമായി കളിച്ച 10 ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിൽ പോലും പാകിസ്താന് ജയിക്കാനായിട്ടില്ല. ആറു ടെസ്റ്റുകൾ തോറ്റു, നാലു ടെസ്റ്റുകളിൽ സമനില. പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം തവണയാണ് സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങുന്നത്.

നേരത്തെ ഇംഗ്ലണ്ടും പാകിസ്താൻ മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു. മത്സരശേഷമാണ് ഷാൻ മസൂദ് രാജ്യത്തെ ക്രിക്കറ്റ് ആരാധകരോട് പരസ്യമായി മാപ്പ് ചോദിച്ചത്. ‘രാജ്യത്തോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു. പാകിസ്താൻ ക്രിക്കറ്റിന്‍റെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ -മസൂദ് പറഞ്ഞു. വളരെ നിരാശാജനകമാണ്, സ്വന്തം നാട്ടിലെ പരമ്പരക്കായി ആവേശത്തിലായിരുന്നു. എന്നാൽ, ആസ്ട്രേലിയയിൽ നടന്നതു തന്നെ ഇവിടെയും സംഭവിച്ചു, തങ്ങൾ പാഠം പഠിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പര തോൽവിയോടെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള പാകിസ്താന്‍റെ സാധ്യതയും അടഞ്ഞു. നിലവിൽ ടീം എട്ടാം സ്ഥാനത്താണ്. വെസ്റ്റിൻഡീസ് മാത്രമാണ് പിന്നിലുള്ളത്.

Tags:    
News Summary - We Apologise To The Nation': Shan Masood After Becoming 1st Pakistan Captain To Suffer 'Bangla Wash'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.