പുണെ: ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്. 242 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഏഴ് വിക്കറ്റിനാണ് ജയിച്ചുകയറിയത്. ഇതോടെ ഈ ലോകകപ്പിൽ അഫ്ഗാൻ വീഴ്ത്തിയ മുൻ ചാമ്പ്യന്മാരുടെ എണ്ണം മൂന്നായി. നേരത്തെ ഇംഗ്ലണ്ടിനെയും പാകിസ്താനെയും അവർ മറിച്ചിട്ടിരുന്നു. 45.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്കക്കെതിരെ അഫ്ഗാൻ വിജയം പിടിച്ചത്. ഇതോടെ പോയന്റ് പട്ടികയിൽ പാകിസ്താനെയും ശ്രീലങ്കയെയും മറികടന്ന് അവർ അഞ്ചാം സ്ഥാനത്തെത്തി.
തകർച്ചയോടെയായിരുന്നു അഫ്ഗാന്റെ തുടക്കം. നാല് പന്ത് നേരിട്ടിട്ടും റൺസൊന്നുമെടുക്കാനാവാത്ത റഹ്മാനുല്ല ഗുർബാസിനെ ദിൽഷൻ മധുശങ്ക ബൗൾഡാക്കുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സഹ ഓപണർ ഇബ്രാഹിം സദ്റാനും വൺഡൗണായെത്തിയ റഹ്മത്ത് ഷായും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസ് ചേർത്ത് മികച്ച അടിത്തറയിട്ടു. ഇരുവരും പുറത്തായ ശേഷം എത്തിയ ഹഷ്മതുല്ല ഷാഹിദിയും അസ്മതുല്ല ഒമർസായിയും ചേർന്ന് അഫ്ഗാനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 104 പന്തിൽ 111 റൺസാണ് അടിച്ചെടുത്തത്. ഷാഹിദി 74 പന്തിൽ 58 റൺസുമായും ഒമർസായി 63 പന്തിൽ 73 റൺസുമായും പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി ദിൽഷൻ മധുശങ്ക രണ്ടും കസുൻ രജിത ഒന്നും വിക്കറ്റ് നേടി.
നേരത്തെ ശ്രീലങ്കയുടെ വൻ സ്കോറെന്ന സ്വപ്നത്തിന് നാല് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖിയാണ് തടയിട്ടത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് വേണ്ടി ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. 49.3 ഓവറിൽ അവരുടെ എല്ലാ വിക്കറ്റും അഫ്ഗാൻ ബൗളർമാർ വീഴ്ത്തി. 60 പന്തിൽ 46 റൺസെടുത്ത ഓപണർ പതും നിസ്സങ്കയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കുശാൽ മെൻഡിസ് 39ഉം സദീര സമരവിക്രമ 36ഉം റൺസെടുത്തു. ദിമുത് കരുണരത്നെ (15), ചരിത് അസലങ്ക (22), ധനഞ്ജയ ഡിസിൽവ (14), എയ്ഞ്ചലോ മാത്യൂസ് (23), ദുഷ്മന്ത ചമീര (1), മനീഷ് തീക്ഷണ (29), കസുൻ രജിത (5) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. റൺസൊന്നുമെടുക്കാതെ ദിൽഷൻ മധുശങ്ക പുറത്താവാതെനിന്നു. അഫ്ഗാനിസ്താനു വേണ്ടി ഫസലുൽ ഹഖ് ഫാറൂഖി പത്തോവറിൽ 34 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. മുജീബുർ റഹ്മാൻ രണ്ടും അസ്മതുല്ല ഒമർസായി, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ശ്രീലങ്കൻ നിരയിൽ രണ്ടുപേർ റണ്ണൗട്ടായി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.