അമ്പലപ്പുഴ: ക്രിക്കറ്റ് ബാളിൽ തീർത്ത വിസ്മയത്തിന് 15കാരന് രാജ്യാന്തര അംഗീകാരം. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് പുത്തൻപറമ്പിൽ രാജേഷ്-സജിത ദമ്പതികളുടെ മകൻ അമൽ കൃഷ്ണനാണ് ബാൾ ടാപ്പിങ് ഡ്രില്ലിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയത്. ഹരിപ്പാട് ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അമൽ കൃഷ്ണൻ, തുടർച്ചയായ നാലുമാസത്തെ നിരന്തര പരിശീലനത്തിനൊടുവിലാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. പ്രഫഷനൽ ടീം ഉപയോഗിക്കുന്ന ക്രിക്കറ്റ് ബാറ്റിൽ ക്രിക്കറ്റ് ബാൾ തുടർച്ചയായി രണ്ടുമണിക്കൂർ 32 മിനിറ്റ് തട്ടിയാണ് ഈ നേട്ടത്തിനുടമയായത്. രണ്ടുവർഷം മുമ്പാണ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്. ഇതിനിടയിലാണ് ബാൾ ടാപ്പിങ് ഡ്രില്ലിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ചേർത്തല സ്വദേശിയെക്കുറിച്ചറിഞ്ഞത്. ഇതോടെ ക്രിക്കറ്റ് പരിശീലനത്തിനൊപ്പം ഈയിനത്തിലും പരിശീലനം ആരംഭിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ അപേക്ഷ സമർപ്പിച്ചു. പരിശീലനത്തിന്റെ വിഡിയോ ദൃശ്യവും അയച്ചു. കഴിഞ്ഞ ദിവസമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയതായി അറിയിപ്പ് ലഭിച്ചത്. ഇതാദ്യമായാണ് ഈയിനത്തിൽ മലയാളി ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.