ആതിഥേയരെന്ന വിശേഷണത്തിൽ ലഭിച്ച ടിക്കറ്റിലാണ് ഇത്തവണ യു.എസ്.എ ട്വന്റി20 ലോകകപ്പിനിറങ്ങുന്നത്. ഇതുവരെ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലിടം ലഭിക്കാതെപോയ യു.എസ്.എ മികച്ച യുവതാരങ്ങളടക്കമുള്ള സ്ക്വാഡായാണ് അരങ്ങേറ്റ ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്നത്.
ഇന്ത്യക്കാരനായ മൊനാങ്ക് പട്ടേലിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന്റെ ബാറ്റിങ് നിരക്ക് കരുത്തേകാൻ ആരോൺ ജോൺസ്, സ്റ്റീവൻ ടെയ്ലർ തുടങ്ങിയ പരിചയസമ്പന്നർ സ്ക്വാഡിലുണ്ട്. മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സന്റെ സാന്നിധ്യവും കരുത്താകും. ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ഭൂരിപക്ഷമുള്ള ടീമാണ്.
ഗുജറാത്തുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ മൊനാങ്കിനു പുറമെ മുൻ രഞ്ജി ട്രോഫി-ഐ.പി.എൽ ബാറ്റർ മിലിന്ദ് കുമാർ, മുൻ അണ്ടർ 19 സ്പിന്നർ ഹർമീത് സിങ് എന്നിവരും ഇന്ത്യയിൽനിന്ന് യു.എസ് സംഘത്തിലുണ്ട്. ജെസ്സി സിങ്, നിസർഗ് പട്ടേൽ, നിതീഷ് കുമാർ, നോഷ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാൽവകർ എന്നിവരും ഇന്ത്യൻ വംശജരാണ്.
കഴിഞ്ഞവർഷം പ്രയാണമാരംഭിച്ച രാജ്യത്തെ ആദ്യ ലോകോത്തര പ്രഫഷനൽ ട്വിന്റി20 ലീഗായ എം.എൽ.സി യു.എസിലെ ക്രിക്കറ്റ് തലങ്ങൾക്ക് മാറ്റുകൂട്ടി.
സ്വന്തം തട്ടകത്തിലുൾപ്പെടെ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ടീമിറങ്ങുമ്പോൾ കളിക്കാർക്കുള്ള ആത്മവിശ്വാസം എം.എൽ.സിയിലെ കളി പാടവമാണ്. മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റുവർട്ട് ലോയാണ് മുഖ്യ പരിശീലകൻ. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ടീം. ഇന്ത്യൻ കമ്പനിയായ അമൂലാണ് യു.എസ് ടീമിന്റെ സ്പോൺസർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.