മെൽബൺ: മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരവും എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിലൊരാളുമായ ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് അപകടം. ക്വീൻസ് ലാൻഡിലെ ടൗൺസ് വില്ലയിൽ നിന്ന് 50 കി.മീ അകലെ ഹെർവി റേഞ്ചിൽ ആലിസ് റിവർ ബ്രിഡ്ജിന് സമീപം സൈമണ്ട്സ് ഓടിച്ച കാർ മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രക്ഷിക്കാൻ നടത്തിയ അടിയന്തര ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സൈമണ്ട്സ് ടൗൺസ് വില്ലയിലാണ് താമസിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഓസീസ് ഇതിഹാസങ്ങളായ ഷെയ്ൻ വോണും റോഡ് മാർഷും മരിച്ചതിന് പിറകെയാണ് സൈമണ്ട്‌സിന്റെ വിയോഗം. 1975 ജൂൺ ഒമ്പതിന് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് ജനനം. കൈക്കുഞ്ഞായിരിക്കെ കെൻ സൈമണ്ട്സ്-ബാർബറ ദമ്പതികളുടെ ദത്തുപുത്രനായി ഓസ്ട്രേലിയയിലെത്തി.
വലംകൈയൻ ബാറ്ററും മികച്ച ഫീൽഡറുമായ ആൻഡ്രൂ സൈമണ്ട്സിന് ബൗളിങ്ങിൽ സ്പിന്നും മീഡിയം പേസും ഒരുപോലെ വഴങ്ങിയിരുന്നു. 1998 മുതൽ 2009 വരെ നീണ്ട കരിയറിൽ 26 ടെസ്റ്റുകളിലും 198 ഏകദിനങ്ങളിലും ആസ്ട്രേലിയക്കായി കളിച്ചു. 14 ട്വന്റി20 മത്സരങ്ങളിലും അന്താരാഷ്ട്ര കുപ്പായമണിഞ്ഞു. 2003, 2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ആസ്ട്രേലിയൻ ടീമിലുണ്ടായിരുന്നു.
198 ഏകദിനങ്ങളിൽ നിന്ന് 5088 റൺസും 133 വിക്കറ്റും നേടി. 26 ടെസ്റ്റുകളിൽ 1462 റൺസും 24 വിക്കറ്റും സ്വന്തമാക്കി. 14 അന്തരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ 337 റൺസും എട്ടു വിക്കറ്റും നേടി. കളിക്കളത്തിൽ മികവ് പുലർത്തുമ്പോഴും വിവാദങ്ങളും സൈമണ്ട്സിന്റെ കൂടെയുണ്ടായിരുന്നു. 2008ലെ ഇന്ത്യ-ആസ്ട്രേലിയ സിഡ്നി ടെസ്റ്റിനിടെ ഹർഭജൻ സിങ്ങും സൈമണ്ട്സും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദം അക്കാലത്ത് വലിയ വാർത്തയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.