ലോകകപ്പിലെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിനിടെ ഒരു അപൂർവ ഔട്ടാകൽ. ഒരു പന്തുപോലും നേരിടാതെ നാടകീയമായാണ് ലങ്കൻ ഓൾറൗണ്ടർ അഞ്ജലോ മാത്യൂസ് ഔട്ടായത്.
താരം ക്രീസിലെത്താൻ വൈകിയതിനെ തുടർന്നാണ് അമ്പയർ ഔട്ട് വിധിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ഇതോടെ മാത്യൂസിന്‍റെ പേരിലായി. ഷാകിബുൽ ഹസൻ എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്തായ ശേഷമാണ് നാടകീയ സംഭവം. ഒരു ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ മൂന്ന് മിനിറ്റിനുള്ളിൽ (ലോകകപ്പിൽ ഇത് രണ്ട് മിനിറ്റ്) ക്രീസിലെത്തി പന്ത് നേരിടാൻ തയാറാകണമെന്നാണ് ക്രിക്കറ്റിലെ നിയമം.
ലണ്ടൻ ആസ്ഥാനമായ മെർലിബോൺ ക്രിക്കറ്റ് ക്ലബാണ് (എം.സി.സി) ക്രിക്കറ്റിലെ അന്താരാഷ്‌ട്ര നിയമങ്ങളും ചട്ടങ്ങളും തയാറാക്കുന്നത്. എം.സി.സി ചട്ടങ്ങളിൽ 40.1 ആണ് ടൈംഡ് ഔട്ടിനെ കുറിച്ച് വിശദീകരിക്കുന്നത്. ഈ ചട്ടം നടപ്പാക്കിയശേഷം ആദ്യമായാണ് ഈ രീതിയിൽ ഒരു ബാറ്റർ പുറത്താകുന്നത്. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറായില്ല.
ഉടൻ തന്നെ അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. അപ്രതീക്ഷിത പുറത്താകലിൽ മാത്യൂസും താരങ്ങളുമെല്ലാം അമ്പരന്നുപോയി. ഒരു പന്തിൽ രണ്ട് വിക്കറ്റ് നഷ്ടമായ അവസ്ഥയിലായി ശ്രീലങ്ക. ഹെല്‍മറ്റ് മാറിയെടുത്തതാണ് താരത്തിന് വിനയായത്. പിന്നാലെ മറ്റൊരു ശ്രീലങ്കന്‍ താരം ഹെല്‍മറ്റുമായി ക്രീസിലെത്തിയെങ്കിലും സമയമൊരുപാടെടുത്തു. ഇതിനിടെ ബംഗ്ലാദേശ് വിക്കറ്റിനായി അപ്പീല്‍ ചെയ്തു.
അമ്പയര്‍മാര്‍ ഔട്ട് വിളിക്കുകയും ചെയ്തു. അമ്പരന്നുപോയെ മാത്യൂസ് ഹെൽമറ്റ് കാണിച്ച് അമ്പയറോടും ബംഗ്ലാദേശ് താരങ്ങളോടും സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ബംഗ്ലാദേശ് താരങ്ങൾ അപ്പീൽ പിൻവലിക്കാൻ തയാറായില്ല. ഒടുവിൽ രോഷത്തോടെയാണ് താരം ഗ്രൗണ്ട് വിട്ടത്. ബൗണ്ടറി വര കടന്നതും താരം ഹെൽമറ്റ് വലിച്ചെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.