എയർ ഇന്ത്യക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണറും; പൈലറ്റില്ലെങ്കിൽ യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതെന്തിന്...

എയർ ഇന്ത്യക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണറും; പൈലറ്റില്ലെങ്കിൽ യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതെന്തിന്...

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ വിമർശിച്ച് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. പൈലറ്റില്ലാത്തതിനാൽ എയർ ഇന്ത്യ വിമാനത്തിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നുവെന്ന് വാർണർ പറഞ്ഞു. എന്നാൽ, കാലാവസ്ഥ മോശമായതാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു എയർ ഇന്ത്യയുടെ നിലപാട്.

സാധാരണപോലെ എയർ ഇന്ത്യ വിമാനത്തിൽ കയറി ഇരുന്നു. എന്നാൽ, പൈലറ്റില്ലാത്തതിനാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. പൈലറ്റില്ലെങ്കിൽ എന്തിനാണ് നിങ്ങൾ ആളുകളെ വിമാനത്തിൽ കയറ്റുന്നതെന്നും ഡേവിഡ് വാർണർ ചോദിച്ചു. എക്സിലൂടെയായിരുന്നു ആസ്ട്രേലിയൻ താരത്തിന്റെ ചോദ്യം.

എന്നാൽ, ബംഗളൂരുവിലെ മോശം കാലാവസ്ഥയാണ് പ്രശ്നത്തിന് കാരണമായതെന്ന് എയർ ഇന്ത്യ അറിയിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മോശം കാലാവസ്ഥ മൂലം വൈകിയതാണ് പ്രശ്നത്തിന് കാരണമായതെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ക്ഷമയോടെ കാത്തിരുന്നതിന് യാത്രക്കാരോട് എയർ ഇന്ത്യ നന്ദി പറയുകയും ചെയ്തു.

എയർ ഇന്ത്യ വിമാന സർവിസുകൾ മണിക്കൂറുകളോളം ​വൈകുന്നതിൽ കേന്ദ്രസർക്കാർ നടപടിയാവശ്യപ്പെട്ട് എൻ‌.സി‌.പി (എസ്‌.പി) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി രംഗത്തെത്തിയിരുന്നു. ഉപഭോക്താക്കളിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കിയിട്ടും കൃത്യസമയത്ത് സർവിസ് നടത്താനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എം.പി എക്സിലെ പോസ്റ്റിൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് സുപ്രിയ സഞ്ചരിച്ച എയർ ഇന്ത്യ വിമാനം ഒന്നര മണിക്കൂറോളം വൈകിയാണ് മുംബൈയിലെത്തിയത്. എയർ ഇന്ത്യ ​വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാണെന്ന് എം.പി പറഞ്ഞു. പ്രീമിയം നിരക്കാണ്​ യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. മുതിർന്ന പൗരന്മാരും കുട്ടികളും ഒക്കെ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട്. എയർ ഇന്ത്യയുടെ ഈ പ്രവൃത്തികൊണ്ട് അവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രിയ സുലെ കുറിച്ചു. വ്യോമയാന മന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്സിലെ പോസ്റ്റ്. ഇതിനിടെ, തങ്ങളുടേതല്ലാത്ത കാരണംമൂലമാണ് വിമാനം വൈകിയതെന്ന വിശദീകരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി.

Tags:    
News Summary - 'Why would you board passengers knowing that you have no pilots': David Warner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.