ഈ ഐ.പി.എല്ലിൽ രോഹിത് ശർമയെ കാത്തിരിക്കുന്നു, അഞ്ചു റെക്കോഡുകൾ...

ഈ ഐ.പി.എല്ലിൽ രോഹിത് ശർമയെ കാത്തിരിക്കുന്നു, അഞ്ചു റെക്കോഡുകൾ...

ചെന്നൈ: ഈ ഐ.പി.എല്ലിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്ന് ഇന്ന് ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറും. അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം.

കഴിഞ്ഞ തവണത്തെ വിവാദങ്ങളും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്‍റെ നിരാശയും മാറ്റിവെച്ച് കിരീട പ്രതീക്ഷകളുമായാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം ഇത്തവണ ഇറങ്ങുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെയാണ് ടീമിന്‍റെ ശ്രദ്ധാകേന്ദ്രം. ഇതുവരെ 257 മത്സരങ്ങളിൽനിന്നായി 6628 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ശരാശരി 29.72. സ്ട്രൈക്ക് റേറ്റ് 131.14 ആണ്. രണ്ടു സെഞ്ച്വറികളും 43 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്.

കഴിഞ്ഞ സീസണിലാണ് രോഹിത്തിനെ മാറ്റി ഹാർദിക്കിനെ ടീമിന്‍റെ നായകനാക്കുന്നത്. ഈ ഐ.പി.എല്ലിൽ താരത്തിനെ കാത്തിരിക്കുന്നത് അഞ്ചു നാഴികക്കല്ലുകളാണ്. അഞ്ചും ഈ സീസണിൽ തന്നെ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. 142 റൺസ് കൂടി നേടിയാൽ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാകാനാകും. നിലവിൽ 6,769 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ രണ്ടാമതുള്ളത്. 253 മത്സരങ്ങളിൽനിന്ന് 8,063 റൺസുമായി സൂപ്പർതാരം വിരാട് കോഹ്ലിയാണ് ഒന്നാമത്. എട്ടു സെഞ്ച്വറികളും 56 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്.

ഒരു ബൗണ്ടറി കൂടി നേടിയാൽ ഐ.പി.എല്ലിൽ രോഹിത്തിന്‍റെ ബൗണ്ടറികളുടെ എണ്ണം 600ലെത്തും. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാകും. 768 ബൗണ്ടറികളുമായി മുൻ പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനാണ് ഒന്നാമത്. കോഹ്ലി (709), ഡേവിഡ് വാർണർ (663) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

കൂടാതെ, 20 സിക്സുകൾ കൂടി നേടിയാൽ ഐ.പി.എല്ലിൽ 300 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാകും. നിലവിൽ 252 ഇന്നിങ്സുകളിൽനിന്ന് 280 സിക്സുകളാണ് താരത്തിന്‍റെ പേരിലുള്ളത്.

മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിൽ മാത്രമാണ് 300 സിക്സുകൾ എന്ന കടമ്പ കടന്നത്. 142 മത്സരങ്ങളിൽനിന്ന് 357 സിക്സുകളാണ് താരം അടിച്ചുകൂട്ടിയത്. ശനിയാഴ്ച ചെന്നൈക്കെതിരായ മത്സരം രോഹിത്തിന്‍റെ ഐ.പി.എല്ലിലെ 258ാമത്തെ മത്സരമാണ്. ദിനേഷ് കാർത്തികിനെ മറികടന്ന് രോഹിത്ത് ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരം കളിക്കുന്ന താരമാകും. നിലവിൽ 264 മത്സരങ്ങളുമായി എം.എസ്. ധോണിയാണ് ഒന്നാമത്.

2008ൽ ഹൈദരാബാദ് ഡെക്കാൻ ചർജേഴ്സിനൊപ്പമാണ് രോഹിത് ഐ.പി.എൽ കരിയർ തുടങ്ങുന്നത്. രണ്ടു വർഷം ടീമിൽ തുടർന്ന താരം 2011ലാണ് മുംബൈ ഇന്ത്യൻസിലെത്തുന്നത്. 542 റൺസ് കൂടി നേടിയാൽ മുംബൈ ജഴ്സിയിൽ രോഹിത്തിന് 6000 റൺസാകും. നിലവിൽ ഒരുടീമിനൊപ്പം ഏറ്റവും കൂടുതൽ റൺസെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലാണ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 18 സീസണുകളിൽനിന്ന് 8,063 റൺസാണ് താരം ഇതുവരെ നേടിയത്.

Tags:    
News Summary - 5 milestones Rohit Sharma can achieve in IPL 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.