കാൻഡി: ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ബാറ്റ് ചെയ്യുന്ന, ഇന്ത്യയുടെ നില പരുങ്ങലിൽ. മുപ്പത് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നീലപ്പടയുടെ സമ്പാദ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നായകൻ രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും പെട്ടന്ന് തന്നെ നഷ്ടമായിരുന്നു. അപകടകാരിയായ പേസർ ഷഹീൻ അഫ്രീദിയാണ് രണ്ട് സൂപ്പർ ബാറ്റർമാരെയും ക്ലീൻ ബൗൾഡാക്കി കൂടാരം കയറ്റിയത്.
22 പന്തുകളിൽ 11 റൺസാണ് രോഹിത് ശർമയുടെ സമ്പാദ്യം. രണ്ട് ബൗണ്ടറികൾ താരം പറത്തിയിരുന്നു. ഏഴ് പന്തുകളിൽ നാല് റൺസ് മാത്രമാണ് കോഹ്‍ലി നേടിയത്. ശ്രേയസ് അയ്യർ (ഒമ്പത് പന്തുകളിൽ 14) ഹാരിസ് റൗഫിന്റെ പന്തിൽ ഫഖർ സമാന് പിടി നൽകി പുറത്തായി. ശുഭ്മാൻ ഗിൽ (32 പന്തുകളിൽ 10) ആകട്ടെ 15-ാമത്തെ ഓവറിൽ ഹാരിസ് റൗഫിന്റെ പന്തിൽ ബൗൾഡായി മടങ്ങി.
നിലവിൽ അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനും (63 പന്തുകളിൽ 58) ഹർദിക് പാണ്ഡ്യയുമാണ് ( 55 പന്തുകളിൽ 43) ടീമിന് വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്നത്.
നേരത്തെ മഴ കാരണം ഇന്ത്യ-പാകിസ്താൻ മത്സരം നിർത്തിവെച്ചിരുന്നു. 4.2 ഓവറിൽ ഇന്ത്യ 15 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. 11 റൺസുമായി നായകൻ രോഹിത്ത് ശർമയും റണ്ണൊന്നും എടുക്കാതെ ശുഭ്മാൻ ഗില്ലുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാൽ, വൈകാതെ തന്നെ മത്സരം പുനഃരാരംഭിക്കുകയും ഇന്ത്യൻ നായകൻ ഷഹീന്റെ പന്തിൽ പുറത്താവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.