പാക് പേസാക്രമണത്തിൽ, രക്ഷകരായി കിഷനും ഹർദികും, ഇന്ത്യ - 266/10

കാൻഡി: ഏഷ്യ കപ്പ് ഓപണറിൽ പാകിസ്താന് മുന്നിൽ 267 റൺസ് വിജയലക്ഷ്യവുമായി ടീം ഇന്ത്യ. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് ലൈനപ്പ് പല്ലേകലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിലംപൊത്തുകയായിരുന്നു. ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയുമൊഴിച്ചുള്ള ബാറ്റർമാരെല്ലാം പാക് പേസർമാർക്ക് മുന്നിൽ പൊരുതാതെ കീഴടങ്ങി. ആർക്കും 20 റൺസ് പോലും തികക്കാൻ കഴിഞ്ഞില്ല. വാലറ്റത്ത് 14 പന്തിൽ 16 റണ്‍സെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. സ്കോർ: ഇന്ത്യ - 266 (10 wkts, 48.5 Ov)

രോഹിത് ശർമയെയും (22 പന്തുകളിൽ 11 റൺസ്) വിരാട് കോഹ്‍ലിയെയും (ഏഴ് പന്തുകളിൽ നാല് റൺസ്) ഏഴ് ഓവറുകൾക്കുള്ളിൽ ബൗൾഡാക്കി മടക്കി ഷഹീൻ അഫ്രീദിയാണ് പാകിസ്താന് ബ്രേക് ത്രൂ നൽകിയത്. ​ശ്രേയസ് അയ്യരെയും (ഒമ്പത് പന്തുകളിൽ 14) ശുഭ്മാൻ ഗില്ലിനെയും (32 പന്തുകളിൽ 10) ഹാരിസ് റൗഫും മടക്കിയയച്ചു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഷഹീന്‍ അഫ്രീദിക്കൊപ്പം പേസർമാരായ റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

66 റണ്‍സില്‍ നാലു വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അതേസമയം, റൺസ് കണ്ടെത്താൻ പാടുപെട്ട ഇരുവരും ടെസ്റ്റ് ശൈലിയിൽ ബാറ്റ് വീശിയാണ് അർധ സെഞ്ച്വറി തികച്ചത്.

81 പന്തുകളിൽ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 82 റൺസാണ് കിഷൻ നേടിയത്. 90 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 87 റൺസാണ് ഹർദികിന്റെ സമ്പാദ്യം. ഷഹീൻ അഫ്രീദിയുടെ പന്തിൽ അഘ സൽമാന് പിടി നൽകിയാണ് പാണ്ഡ്യ മടങ്ങിയത്. ഹാരിസ് റൗഫിന്റെ പന്തിൽ നായകൻ ബാബർ അസമിന് പിടി നൽകി കിഷനും പുറത്തായതോടെ ഇന്ത്യയുടെ നില തീർത്തും പരുങ്ങലിലായി. 

Tags:    
News Summary - Asia Cup 2023: Pakistan vs India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.