ദുബൈ: ഹോങ്കോങ്ങിനെതിരെ പാകിസ്താൻ 155 റൺസിന്‍റെ വമ്പൻ ജയം നേടിയതോടെ ഏഷ്യ കപ്പിൽ വീണ്ടും ഇന്ത്യ-പാകിസ്താൻ മത്സരം. എ ഗ്രൂപ്പിൽ നിന്ന് ഇരു ടീമുകളും സൂപ്പർ ഫോറിലെത്തിയതോടെ ഞായറാഴ്ചയാണ് വീണ്ടും ഇന്ത്യ-പാക് പോരിന് വേദിയൊരുങ്ങുന്നത്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകുന്നേരം ആറിനാണ് (ഇന്ത്യൻ സമയം 7.30) മത്സരം.
വെള്ളിയാഴ്ച ഷാർജയിൽ നടന്ന നിർണായക മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹോങ്കോങ്ങിനെ തല്ലിത്തകർത്താണ് പാകിസ്താൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 193 റൺസെടുത്തു. ഇന്ത്യ-ഹോങ്കോങ് മത്സരത്തിന്‍റെ അതേശൈലിയിൽ മുന്നേറിയ മത്സരത്തിൽ ആദ്യ പത്തോവറിൽ 64 റൺസായിരുന്നു പാകിസ്തന്‍റെ സാമ്പാദ്യം. എന്നാൽ, രണ്ടാം പകുതിയിൽ മുഹമ്മദ് റിസ്വാനും (57 പന്തിൽ 78), ഫഖർ സമാനും (41 പന്തിൽ 53), ഖുഷ്ദി ഷായും (15 പന്തിൽ 35) അടിച്ച് തകർത്തതോടെ പാകിസ്താൻ 193ൽ എത്തി.
ഈ ഏഷ്യ കപ്പിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങിനിറങ്ങിയ ഹോങ്കോങ് ചീട്ടുകൊട്ടാരം പോലെ തകർന്നു. വിക്കറ്റ് നഷ്ടമാകാതെ 16 എന്ന നിലയിൽ നിന്ന് 38ന് എല്ലാവരും പുറത്തായി. എട്ട് റൺസിന് നാല് വിക്കറ്റെടുത്ത ഷദബ് ഖാനും അഞ്ച് റൺസിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് നവാസും ഏഴ് റൺസിന് രണ്ട് പേരെ പുറത്താക്കിയ നസീം ഷായുമാണ് ഹോങ്കോങിനെ തകർത്തത്. എക്സ്ട്രാ ഇനത്തിൽ കിട്ടിയ 10 റൺസാണ് ഹോങ്കോങിന്റെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.