കൊളംബോ: കനത്ത മഴഭീഷണിക്കിടെ ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ. മഴ തടസ്സമാവുകയാണെങ്കിൽ നാളെ റിസർവ് ദിനത്തിൽ മത്സരം തുടരും. ഗ്രൂപ് എയിലെ ഇന്ത്യ-പാക് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. പരിക്കും ശസ്ത്രക്രിയയും കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷം തിരിച്ചുവരുന്ന വിക്കറ്റ് കീപ്പർ-ബാറ്റർ കെ.എൽ. രാഹുൽ ഇന്ന് കളിക്കും. രാഹുൽ എത്തുന്നതോടെ, മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടിവരും. രാഹുലിന് തന്നെയാണ് ടീം മാനേജ്മെന്റിന്റെ പിന്തുണ.
ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യത നേരത്തേ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നെങ്കിലും ടീം ഘടന മാറ്റി പരീക്ഷണത്തിന് ഇന്ത്യ തയാറാകില്ല. ഏഷ്യാകപ്പിൽ ജേതാക്കളായി ലോകകപ്പിനെത്തുകയാണ് ടീമിന്റെ ആത്യന്തിക ലക്ഷ്യം. ഫിറ്റ്നസും ഫോമും തെളിയിക്കാൻ രാഹുലിന് ഇന്നത്തെ മത്സരം സുവർണാവസരവുമാണ്. കഴിഞ്ഞ നാല് കളികളിൽ നാല് ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. ലോകകപ്പ് ടീമിൽ ഈ യുവതാരത്തിന്റെ സ്ഥാനമുറപ്പിച്ചത് വെസ്റ്റിൻഡീസിലെ പ്രകടനം കൂടിയാണ്.
ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് നാട്ടിലേക്ക് പോയിരുന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടുണ്ട്. ബുംറക്ക് ഇന്ന് അവസരം ലഭിക്കും. മുഹമ്മദ് ഷമി പുറത്തിരിക്കും. മുഹമ്മദ് സിറാജ്, ശാർദുൽ ഠാകുർ, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ എന്നിവരും രോഹിത് ശർമയുടെ സംഘത്തിലുണ്ടാകും. ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ സൂപ്പർഫോറിൽ രണ്ട് പോയന്റ് സ്വന്തമാക്കിയിട്ടുണ്ട്. ബംഗ്ലദേശിനെതിരെ ജയിച്ച ഇലവൻ തന്നെയാണ് പാക് നിരയിൽ. ഫൈനലിലെത്താൻ ഒരു ജയംകൂടി മതി. പാകിസ്താന്റെ അതിവേഗ ബൗളർമാരാണ് ഇന്ത്യയെ കുഴക്കുന്നത്.
ഗ്രൂപ് മത്സരത്തിൽ ഇന്ത്യൻ മുൻനിരയെ പാക് പേസർമാർ വിറപ്പിച്ചിരുന്നു. എക്സ്പ്രസ് വേഗത്തിലുള്ള ഹാരിസ് റൗഫിന്റെ പന്തുകളാണ് കൂടുതൽ അപകടകരം. ഷഹീൻ അഫ്രീദിയുടെ പ്രശസ്തിയിലേക്കുയരുന്ന ഹാരിസ് റൗഫ് ഒമ്പത് വിക്കറ്റുമായി ടൂർണമെന്റിൽ വിക്കറ്റ്വേട്ടയിൽ മുന്നിലാണ്. 27 മത്സരങ്ങളിൽ നിന്ന് റൗഫ് 50 ഏകദിന വിക്കറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു. രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ജദേജ എന്നിവരുടെ പ്രൈസ് വിക്കറ്റുകളാണ് ഉപേക്ഷിച്ച കളിയിൽ അഫ്രീദി നേടിയത്. നസീം ഷായാണ് പാക് ത്രയത്തിലെ മറ്റൊരു അപകടകാരി. മധ്യനിരയിൽ പാണ്ഡ്യയും ഇഷാൻ കിഷനുമാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മൂന്നു വിക്കറ്റ് കൂടി നേടിയാൽ 200 ഏകദിന വിക്കറ്റ് എന്ന നേട്ടത്തിലേക്ക് ജദേജ എത്തും.
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന്
(സ്റ്റാർ സ്പോർട്സ്, ഹോട്ട്സ്റ്റാർ)
3.00 pm ഇന്ത്യ Vs പാക്കിസ്താൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.