ഡാംബുള്ള: ഏഷ്യകപ്പിൽ പാകിസ്താനെതിരെ ഏഴു വിക്കറ്റിന്റെ ഗംഭീര ജയത്തോടെ ഇന്ത്യൻ വനിതകൾ തുടങ്ങി. ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 19.2 ഓവറിൽ 108 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14.1 ഓവറിൽ ലക്ഷ്യം കണ്ടു.
31 പന്തിൽ 45 റൺസെടുത്ത സ്മൃതി മന്ഥാനയും 29 പന്തിൽ 40 റൺസെടുത്ത ഷഫാലി വർമയുമാണ് ജയം അനായാസമാക്കിയത്. ദയാലൻ ഹേമലത 14 റൺസെടുത്ത് പുറത്തായി. അഞ്ച് റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മൂന്ന് റൺസുമായി ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്റെ സകല കണക്കുകൂട്ടലും തെറ്റിച്ചാണ് ഇന്ത്യൻ ബൗളർമാർ തുടങ്ങിയത്. ഒാപണർമാരായ ഗുൽ ഫിറോസയെയും (5) മുനീബ അലിയെയും(11) പുറത്താക്കി പൂജ വസ്ത്രാക്കറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
ആലിയ റിയാസിനെ (6) ശ്രേയങ്ക പാട്ടീലും ക്യാപ്റ്റൻ നിദധറിനെ (8) രേണുക സിങ്ങും പുറത്താക്കിയതോടെ പാകിസ്താന്റെ നില പരിതാപകരമായി. സിദ്ര അമിനും (25) തുബ ഹസനും (22) ഫാത്തിമ സനയും (22*) നടത്തിയ ചെറുത്തു നിൽപ്പ് കൂടി ഇല്ലായിരുന്നെങ്കിൽ പാക് ടീം നൂറ് കടക്കില്ലായിരുന്നു.
ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ മൂന്നും പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ, രേണുക സിങ് എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.