കൊളംബോ: എണ്ണമറ്റ പ്രശ്നങ്ങളിലുഴറി നിൽക്കെയായിരുന്നു മൂന്നാഴ്ചമുമ്പ് ഇന്ത്യൻ സംഘം ഏഷ്യ കപ്പ് കിരീടം തേടി ലങ്കൻ മണ്ണിലേക്ക് വിമാനം കയറിയത്. എന്നാൽ, ലോകകപ്പിന് കഷ്ടി അത്ര ബാക്കി നിൽക്കുന്നില്ലെന്നിരിക്കെ രോഹിതും സംഘവും മടങ്ങുമ്പോൾ സ്വന്തം നാട്ടിലെ ലോകകപ്പ് അനായാസം സ്വപ്നം കാണാവുന്നിടത്താണ് കാര്യങ്ങൾ.
മധ്യനിരയിലെ പ്രശ്നങ്ങളായിരുന്നു ഏറ്റവും വലിയ ആധി. എന്നാൽ, കെ.എൽ. രാഹുൽ തിരിച്ചെത്തുകയും ഇശാൻ കിഷൻ മനോഹരമായി തന്റെ സ്ഥാനത്തുനിൽക്കുകയും ചെയ്യുമ്പോൾ ഇനി അതൊരു ആശങ്കയാകില്ലെന്നുറപ്പ്. പാകിസ്താനെതിരെ സൂപ്പർ ഫോറിൽ സെഞ്ച്വറി കുറിച്ച രാഹുൽ അത്യപൂർവമായൊഴികെ വിക്കറ്റിനു പിന്നിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ടീം മാനേജ്മെന്റ് തന്നെ ഏൽപിച്ച ദൗത്യം വൃത്തിയായി നിർവഹിച്ചുവെന്നും ഇനിയും അത് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ പറയുന്നു.
പരിക്കുമായി പുറത്തിരിക്കുന്ന ശ്രേയസ് അയ്യർകൂടി തിരിച്ചെത്തിയാൽ ലൈനപ്പ് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്. ഇനി അത് സംഭവിച്ചില്ലെങ്കിൽപോലും പകരക്കാരനായ ഇശാൻ കിഷൻ ഇന്ത്യൻ വിക്കറ്റുകളിൽ പരാജയപ്പെടില്ലെന്നാണ് പ്രതീക്ഷ. ഗ്രൂപ് മത്സരത്തിൽ പാകിസ്താനെതിരെ അർധ സെഞ്ച്വറിയുമായി തുടക്കമിട്ട ഝാർഖണ്ഡ് താരം അവസാനം ഫൈനലിൽ ഓപണറായി ഇറങ്ങി 10 വിക്കറ്റ് ജയം സമ്മാനിച്ചാണ് മടങ്ങിയത്.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് അതിലേറെ വലിയ കരുത്ത്. ടൂർണമെന്റിലെ താരമായി മാറിയ കുൽദീപ് യാദവ് ഉടനീളം എതിരാളികൾക്ക് തലവേദന സൃഷ്ടിച്ചാണ് സാന്നിധ്യമറിയിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങിയ പേസ് ത്രയവും പൊള്ളുന്ന ഫോമിലാണ്. ലങ്കക്കെതിരെ ആദ്യ ഓവർ എറിഞ്ഞ ബുംറ നൽകിയ തുടക്കം മുഹമ്മദ് സിറാജ് അവസരമാക്കുകയായിരുന്നു.
ആറു വിക്കറ്റുകളാണ് താരം പിഴുതത്. നീണ്ട അവധിക്കു ശേഷം ഇറങ്ങിയ ബുംറയാകട്ടെ, ഒട്ടും പതർച്ചയറിയാതെ എറിഞ്ഞതും ശ്രദ്ധേയമായി. 2022 ജൂലൈയിൽ അവസാനമായി കളിച്ച ശേഷം ഒരു വർഷത്തിലേറെ ഇടവേള വന്നിട്ടും വേഗവും കൃത്യതയും വിടാതെയായിരുന്നു ഓരോ പന്തും എറിഞ്ഞത്. ബാറ്റിങ്ങിലും മോശമല്ലാത്ത പ്രകടനവുമായി ടീം ഇന്ത്യയുടെ നെടുംതൂണായി മാറിയ ഹാർദിക് പാണ്ഡ്യ ഫൈനലിൽ മൂന്നു വിക്കറ്റ് എടുത്തതോടെയാണ് എല്ലാം അതിവേഗം പൂർത്തിയായത്. മുഹമ്മദ് ഷമിക്ക് ഇത് തിരിച്ചടിയായെങ്കിലും ടീമിന്റെ മികവ് നിലനിർത്താൻ സൈഡ് ബെഞ്ചിലും ഒരാളുണ്ടെന്നത് പ്രതീക്ഷ പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.