മുംബൈ: ഐ.പി.എൽ പൂർത്തിയായാൽ ഓസീസ് താരങ്ങൾക്ക് മടങ്ങുന്നതിനായി ക്രിക്കറ്റ് ആസ്ട്രേലിയ സ്വകാര്യ ചാർട്ടർ വിമാനം അയക്കണമെന്ന ആവശ്യവുമായി മുംബൈ ഇന്ത്യൻസ് ഓപ്പണർ ക്രിസ് ലിൻ. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള എല്ലാ ഓസീസ് ക്രിക്കറ്റ് താരങ്ങളുമായും ക്രിക്ക് ആസ്ട്രേലിയ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെ ക്രിസ് ലിന്നുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.
കളിക്കാരെ ഐ.പി.എല്ലിന് നൽകുന്നതിലൂടെ കോൺട്രാക്ട് ഇനത്തിൽ ക്രിക്കറ്റ് ആസ്ട്രേലിയക്ക് 10 ശതമാനം തുക ലഭിക്കുന്നുണ്ട്. ഇക്കുറി ഈ തുക ഇന്ത്യയിൽ കുടുങ്ങിയ ഓസീസ് താരങ്ങളെ തിരികെയെത്തിക്കാൻ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലിൻ പറഞ്ഞു. ഞങ്ങളേക്കാളും മോശം അവസ്ഥയിലുള്ള ആളുകളുണ്ട്. പക്ഷേ കടുത്ത എയർ ബബിൾ വ്യവസ്ഥയിലാണ് ഞങ്ങൾ ഇന്ത്യയിൽ തുടരുന്നത്. അടുത്തായാഴ്ച വാക്സിൻ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈയൊരു സാഹചര്യത്തിൽ സ്വകാര്യ വിമാനത്തിന് സർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലിൻ കൂട്ടിച്ചേർത്തു.
എളുപ്പവഴികൾക്ക് വേണ്ടിയല്ല ഞങ്ങൾ ഇത് ചോദിക്കുന്നത്. പ്രശ്നങ്ങൾ അറിഞ്ഞ് തന്നെയാണ് ഐ.പി.എൽ കളിക്കാനെത്തിയത്. എന്നാൽ, ടൂർണമെൻറ് കഴിഞ്ഞയുടൻ വീട്ടിലെത്തണമെന്നാണ് ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 15 വരെയാണ് ആസ്ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡ് രൂക്ഷമായപ്പോൾ മൂന്ന് ആസ്ട്രേലിയൻ താരങ്ങൾ ഐ.പി.എൽ ഉപേക്ഷിച്ച് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.