ബോർഡർ ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡ് നടത്തിയ സെലിബ്രേഷന്‍റെ വിവാദം കെട്ടടുങ്ങുന്നില്ല. ഋഷഭ് പന്തിനെ ലോങ് ഓണിലെ ഫീൽഡറുടെ കയ്യിലെത്തിച്ചതിന് ശേഷം ഹെഡ് ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടിളക്കുന്ന ആക്ഷനാണ് ഹെഡ് കാണിച്ചത്.
മത്സരത്തിന് ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമാണെന്ന തരത്തില്‍ വിമർശനമുയർന്നു. എന്നാൽ ഇത് ഹെഡിന്റെ തമാശയാണെന്ന പ്രതികരണവുമായി ഓസ്ട്രലിയൻ ക്യാപ്റ്റൻ രംഗത്തെത്തി. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്‍റെ ഒരു തമാശയാണ്. അതാണ് ഋഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചതെന്നായിരുന്നു പാറ്റ് കമിന്‍സ് വിശദീകരിച്ചത്. പിന്നാലെ ഹെഡും സമാനരീതിയിലുള്ള വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ കമ്മിൻസിസിനെയും ഹെഡിനെയും തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിദ്ദു. ഹെഡ് അതിലൂടെ അശ്ലീലം തന്നെയാണ് ഉദ്ദേശിച്ചതെന്നാണ് സിദ്ദു പറയുന്നത്.
'മാന്യൻമാരുടെ കളിക്ക് അപമാനം തട്ടുന്ന തരത്തിലുള്ള സെലിബ്രേഷനാണ് ഹെഡ് കാണിച്ചത്. കുട്ടികളും സ്ത്രീകളുമടക്കം കാണുന്നവർക്കെല്ലെ ഏറ്റവും മോശം ഉദാഹരണമാണ് അവൻ നൽകിയത്. പന്ത് എന്ന ഒരു കളിക്കാരനെ മാത്രമല്ല 150 കോടി ഇന്ത്യക്കാരെ അപമാനിച്ചതിന് തുല്യമാണിത്. മത്സരം വരും തലമുറയിലെ താരങ്ങളെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് തടയുന്നതിന് കഠിനമായ ശിക്ഷ ഹെഡിന് മേല്‍ ചുമത്തേണ്ടതുണ്ട്. ആരും അത് പിന്തുടരാന്‍ ധൈര്യപ്പെടരുത്,' സിദ്ധു എക്സില്‍ കുറിച്ചു.
മോശമല്ലാതെ ബാറ്റ് ചെയ്തിരുന്ന പന്ത് 30 റൺസ് നേടിയാണ് പുറത്തായത്. താരത്തിന്‍റെ വിക്കറ്റിന് ശേഷം മറ്റ് ബാറ്റർമാരെല്ലം എളുപ്പം കൂടാരം കയറിയതോടെ ഇന്ത്യ 184 റൺസിന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ആസ്ട്രേലിയ മുന്നിൽ നിൽക്കുന്നു. ജനുവരി മൂന്നിന് സിഡ്നിയിലാണ് അവസാന ടെസ്റ്റ് മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.