അഹമ്മദാബാദ്: കഴിഞ്ഞ ഐ.പി.എൽ മെഗാ ലേലത്തിൽ ആർക്കും വേണ്ടാത്ത 17കാരൻ, ഇന്ന് ക്രിക്കറ്റിൽ ചരിത്രമെഴുതി. ലിസ്റ്റ് എ ക്രിക്കറ്റിൽ 150ലധികം റൺസ് സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് മുംബൈയുടെ ആയുഷ് മാത്രെ സ്വന്തമാക്കിയത്.
വിജയ് ഹസാരെ ട്രോഫിയിൽ നാഗാലൻഡിനെതിരെ മുംബൈക്കായി ഓപ്പണറായി ഇറങ്ങി 117 പന്തിൽ 15 ഫോറും 11 സിക്സും സഹിതം മാത്രെ നേടിയത് 181 റൺസ്. താരത്തിന്റെ സെഞ്ച്വറിക്കരുത്തിൽ മുംബൈ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെയാണ് താരം മറികടന്നത്. 2019 വിജയ് ഹസാരെ ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ മുംബൈക്കായി ജയ്സ്വാൾ 150 പ്ലസ് റൺസ് നേടുമ്പോൾ പ്രായം 17 വയസ്സും 291 ദിവസവും. മാത്രെയുടെ പ്രായം 17 വയസ്സും 191 ദിവസവും.
ഇന്ത്യയെ അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു മാത്രെ. നാഗാലൻഡിന്‍റെ മറുപടി ബാറ്റിങ് 214 റൺസിൽ അവസാനിച്ചു. മുംബൈക്ക് 189 റൺസിന്‍റെ തകർപ്പൻ ജയം. മുംബൈക്കായി ഓപ്പണർ ആംക്രിഷ് രഘുവംശി അർധ സെഞ്ച്വറി നേടി. 66 പന്തുകൾ നേരിട്ട താരം മൂന്നു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ മാത്രെ-രഘുവംശി സഖ്യം 149 പന്തിൽ കൂട്ടിച്ചേർത്ത 156 റണ്‍സാണ് മുംബൈ ഇന്നിങ്സിന്‍റെ നട്ടെല്ല്.
അവസാന ഓവറുകളിൽ തകർത്തടിച്ച് വെറും 28 പന്തിൽ 73 റൺസുമായി പുറത്താകാതെ നിന്ന ഷാർദുൽ ഠാക്കൂറാണ് മുംബൈ സ്കോർ 400 കടത്തിയത്. എട്ടു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഠാക്കൂറിന്‍റെ ഇന്നിങ്സ്. ബൗളിങ്ങിലും ഠാക്കൂർ തിളങ്ങി. അഞ്ചു ഓവറിൽ ഒരു മെയ്ഡനടക്കം 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. റോയ്സ്റ്റൺ ഡയസ്, സൂര്യൻശ് ഷെഡ്ഗെ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. നാഗാലാൻഡിനായി ജഗദീഷ സുചിത്ത് സെഞ്ച്വറി നേടി. 97 പന്തിൽ 107 റൺസെടുത്താണ് താരം പുറത്തായത്. ഓപ്പണർ സെഡെഷാലി റുപെറോ (110 പന്തിൽ 53) അർധ സെഞ്ച്വറി മാറ്റി നിർത്തിയാൽ മറ്റാർക്കും തിളങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.