‘ഇനിയും ഇത് തുടരാനാവില്ല; ഗെയിം പ്ലാനിനനുസരിച്ച് കളിക്കാത്തവർ ടീമിൽ വേണ്ട’, പൊട്ടിത്തെറിച്ച് ഗൗതം ഗംഭീർ

മെൽബൺ: ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ഡ്രസിങ് റൂമിൽ വെച്ചായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇനിയും ടീമിന് ഈ രീതിയിൽ മുന്നോട്ട് പോകാൻ ആവില്ലെന്ന് ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ല. സ്വാഭാവിക കളിയെന്ന പേരില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും ഗംഭീർ പറഞ്ഞതായാണ് വിവരം. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി. ഇനിയത് പറ്റില്ല, ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ തയാറാവാത്തവര്‍ക്ക് പുറത്തുപോകാം.

താന്‍ തീരുമാനിക്കുന്നതിന് വിരുദ്ധമായാണ് പല താരങ്ങളും ഗ്രൗണ്ടില്‍ കളിക്കുന്നതെന്നാണ് ഗംഭീറിന്‍റെ നിലപാട്. ഇനിയത് വെച്ചുപൊറുപ്പിക്കില്ലെന്നും ഗെയിം പ്ലാനിനും സാഹചര്യത്തിനും അനുസരിച്ച് കളിക്കാത്തവരെ പുറത്താക്കാന്‍ മടിക്കില്ലെന്നുമാണ് ഗംഭീർ വ്യക്തമാക്കുന്നത്.

അതേസമയം, ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്മെന്‍റും തമ്മിൽ പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മോശം പ്രകടനത്തെ ചൊല്ലിയാണ് ടീമിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ നിരാശനായിരുന്ന ഗൗതം ഗംഭീർ വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ സെലക്ടർമാർ ഇത് തള്ളിയെന്നാണ് വാർത്തകൾ.

Tags:    
News Summary - Gautam Gambhir cracks whip on Team India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.