രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റ് നിർത്തുന്നു; പ്രഖ്യാപനം ഓസീസ് പരമ്പരക്കുശേഷം‍?

മെൽബൺ: ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് റിപ്പോർട്ടുകൾ.

ബി.സി.സി.ഐ അധികൃതരും സെലക്ടർമാരും വിരമിക്കലുമായി ബന്ധപ്പെട്ട് രോഹിത്തിനോട് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ വിരമിക്കൽ അതിനുശേഷമായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയതിനു പിന്നാലെ രോഹിത് ഏറെ നിരാശനായിരുന്നു. പരമ്പരയിൽ ആറു ഇന്നിങ്സുകളിൽനിന്നായി 31 റൺസ് മാത്രമാണ് രോഹിത്തിന്‍റെ സമ്പാദ്യം. പരമ്പരയിൽ ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ നേടിയ വിക്കറ്റിനേക്കാൾ (30 വിക്കറ്റുകൾ) ഒന്നു കൂടുതൽ.

രണ്ടും മൂന്നും ടെസ്റ്റുകളിൽ ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ രോഹിത്, മെൽബൺ ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല. ആദ്യ മൂന്നു ടെസ്റ്റുകളിൽ യശസ്വിക്കൊപ്പം കെ.എൽ. രാഹുലാണ് ബാറ്റിങ് ഓപ്പൺ ചെയ്തിരുന്നത്. ഇന്ത്യയുടെ തോൽവിക്കു കാരണം സീനിയർ താരങ്ങളുടെ മോശം പ്രകടനമാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.

നാലാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ ഓപ്പണർ യശസ്വി ജയ്‍സ്വാൾ മാത്രമാണ് പിടിച്ചുനിന്നത്. 84 റൺസെടുത്താണ് താരം പുറത്തായത്. ജയ്സ്വാളിനെ കൂടാതെ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ രണ്ടക്കം കടന്നത് (104 പന്തിൽ 30 റൺസ്). നിർണായക മത്സരങ്ങളിൽ ടീമിന് തുണയാകേണ്ട സീനിയർ താരങ്ങൾ വീണ്ടും നിരാശപ്പെടുത്തി. നായകൻ രോഹിത് ശർമ (ഒമ്പത്), കെ.എൽ. രാഹുൽ (പൂജ്യം), വിരാട് കോഹ്ലി (അഞ്ച്) എന്നിവർ പതിവുപോലെ മടങ്ങി.

Tags:    
News Summary - Rohit Sharma To Quit Test Cricket, Says Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.