ലോകത്തിലെ മികച്ച ട്വന്‍റി20 ബാറ്റർമാരിൽ ഒരാളാണ് പാകിസ്താൻ നായകൻ ബാബർ അസം. പാകിസ്താൻ സൂപ്പർ ലീഗിലെ തകർപ്പൻ പ്രകടനത്തോടെ ഇക്കാര്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് താരം.
പി.എസ്.എല്ലിൽ പെഷവാർ സാൽമി താരമായ ബാബർ പ്രഥമ സെഞ്ച്വറിയും നേടി. കഴിഞ്ഞ ദിവസം ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ നടന്ന മത്സരത്തിൽ 65 പന്തിൽ 115 റൺസാണ് താരം അടിച്ചെടുത്തത്. താരത്തിന്‍റെ സെഞ്ച്വറി കരുത്തിൽ ടീം നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. ഇതോടെ ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന പാകിസ്താൻ താരവും ഏഷ്യൻ താരവുമായി ബാബർ.
എട്ടു സെഞ്ച്വറികളാണ് താരത്തിന്‍റെ പേരിലുള്ളത്. 22 സെഞ്ച്വറികളുമായി വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‍ലാണ് ഒന്നാമത്. നേരത്തെ, പാകിസ്താൻ ദേശീയ ടീമിനായി രണ്ടു സെഞ്ച്വറികളും പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൻ പഞ്ചാബിനുവേണ്ടി രണ്ടു സെഞ്ച്വറികളും കൗണ്ടി ക്രിക്കറ്റിൽ സോമർസെറ്റിനുവേണ്ടി രണ്ടു സെഞ്ച്വറികളും നേടിയിരുന്നു. കൂടാതെ, 2019ലെ ലെസ്റ്റർഷെയറിനെതിരായ അനൗദ്യോഗിക മത്സരത്തിൽ പാകിസ്താനുവേണ്ടി മറ്റൊരു സെഞ്ച്വറിയും താരം നേടിയിരുന്നു.
ട്വന്‍റി20 കരിയറിൽ ഓസീസ് താരങ്ങളായ ഡേവിഡ് വാർണർക്കും ആരോൺ ഫിഞ്ചിനും എട്ടു വീതം സെഞ്ച്വറികളുണ്ട്. ഇന്ത്യൻ സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും പേരിൽ ആറു സെഞ്ച്വറികൾ വീതവും. എന്നാൽ, ബാബറിന്‍റെ സെഞ്ച്വറി പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. മത്സരത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് എട്ടു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ക്വറ്റ 18.2 ഓവറിൽ 243 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.